Breaking
Sun. Aug 16th, 2026

കുറ്റിപ്പുറം : പ്രതിദിനം നിരവധി വിനോദസഞ്ചാരികളെത്തുന്ന കുറ്റിപ്പുറം നിളയോരം പാർക്കിനെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അവഗണിക്കുന്നു. മൂന്നുവർഷം മുൻപ് ഇവിടെ നടപ്പാക്കിയ രണ്ടാംഘട്ട വികസനപദ്ധതികൾ മിക്കതും കാഴ്ചവസ്തുക്കളായി. മൂന്നുകോടി രൂപ ചെലവഴിച്ച് നടത്തിയ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ 2022 ഓഗസ്ത് 20-നാണ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തത്ര  രണ്ടാംഘട്ടത്തിൽ നിർമിച്ചത് ഡിജിറ്റൽ ലൈബ്രറി, ഗെയിം സോൺ, വാട്ടർ ഫൗണ്ടൻ, പ്രവേശന കവാടം, റെയിൻ ഷെൽട്ടർ, നടപ്പാത, കിയോസ്കുകൾ എന്നിവയാണ്. ഇതിൽ ഡിജിറ്റൽ ലൈബ്രറി, ഗെയിം സോൺ, കിയോസ്കുകൾ എന്നിവ ഇന്നും അടഞ്ഞുകിടക്കുകയാണ്.

എട്ട് കിയോസ്കുകളും ഗെയിം സെന്ററും പ്രവർത്തിപ്പിക്കാനായി ഉയർന്ന വോൾട്ടേജിൽ വൈദ്യുതി ആവശ്യമാണ്. ഇതിനായി പുതിയ ട്രാൻസ് ഫോർമർ സ്ഥാപിക്കണം. ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള തീരുമാനം എടുക്കേണ്ടത് ജില്ലാ ടൂറിസം വകുപ്പാണ്. എന്നാൽ ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നുമായില്ല.വിനോദ സഞ്ചാരികളെ വരവേറ്റിരുന്ന വാട്ടർ ഫൗണ്ടൻ ഒന്നര വർഷമായി തകരാറിലാണ്. സാധാരണ ദിവസങ്ങളിൽ 500 മുതൽ ആയിരം വരെയും ശനി, ഞായർ, മറ്റു അവധിദിനങ്ങളിൽ 1500 മുതൽ 2500 വരെയും വിനോദസഞ്ചാരികൾ എത്തുന്ന ഒരു കേന്ദ്രത്തെയാണ് ഡിടിപിസി അവഗണിക്കുന്നത്.

പാർക്കിൽ തെരുവുനായ്‌ക്കൾ:നിളയോരം പാർക്കിൽ വിനോദസഞ്ചാരികൾക്ക് ഭീഷണി യായി തെരുവുനായ്‌ക്കൾ. പാർക്കിനകത്ത് പലയിടങ്ങളിലായി മരങ്ങളുടെ തണൽ പറ്റിയാണ് തെരുവുനായ്‌ക്കൾ വിഹരിക്കുന്നത്. വിനോദസഞ്ചാരികളുടെ സ്വൈരവിഹാരത്തിന് സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുണ്ട് ഇവ.

കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ല:നിളയോരം പാർക്കിലെ താത്കാലിക കച്ചവടസ്ഥാപനങ്ങൾ പ്രവർത്തനം നിർത്തിവെച്ചിട്ട് ഒരൂ വർഷമാകുന്നു.ജ്യൂസ്, ഐസ്‍ക്രീം കടകളാണ് ഇവിടെ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നത്. ഓരോ വർഷവും ഡിടിപിസി വാടക ക്രമാതീതമായി കൂട്ടിയതുകാരണം പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെ രണ്ട് സ്ഥാപനങ്ങളും പ്രവർത്തനം അവസാനിപ്പിച്ചു.സ്ഥാപനങ്ങൾ പുനരാരംഭിക്കാൻ രണ്ടുതവണ ടെൻഡർ നടപടികൾ ഡിടിപിസി നടത്തിയെങ്കിലും ആരും പങ്കെടുത്തിരുന്നില്ല.ഇപ്പോൾ ഇവിടെ യെത്തുന്ന വിനോദസഞ്ചാരികൾ പുറമേയുള്ള കടകളിൽനിന്നും സാധനങ്ങൾ വാങ്ങിവേണം പാർക്കിലേക്ക് കയറാൻ.

Related Post

Leave a Reply

Your email address will not be published. Required fields are marked *