ചങ്ങരംകുളം : കാൽനടയാത്രപോലും ദുഷ്കരമായിരിക്കുകയാണ് പന്താവൂർ പാലം-കാഞ്ഞിയൂർ റോഡിലൂടെ.ജൽജീവൻ പദ്ധതി, ഗ്യാസ് പൈപ്പുലൈൻ, കെഎസ്ഇബി കേബിൾ ഇടുക എന്നിങ്ങ നെയായി പലഭാഗങ്ങളിലായി ചാലുകീറിയതോടെ ടാറ് മാറി ചെളി മാത്രമുള്ള റോഡായി മാറി യിരിക്കുകയാണ്.ദിനംപ്രതി നൂറുകണക്കിനാളുകൾ കടന്നുപോകുന്ന പാതയാണ് ഇത്തരത്തിൽ ചെളി നിറഞ്ഞിരിക്കുന്നത്. 2016-17 സാമ്പത്തികവർഷം എംഎൽഎ ഫണ്ടിൽനിന്ന് 35 ലക്ഷം രൂപയും 2020-2021 സാമ്പത്തികവർഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിൽനിന്ന് 10 ലക്ഷം രൂപയും ചേർത്ത് 45 ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമിച്ചത്.
വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിന്റെ അവസ്ഥ തുലാമഴ കൂടി എത്തുന്നതോടെ കൂടുതൽ പരിതാപകരമാകും.നിരവധി തവണ പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞെ ങ്കിലും ഇതുവരെയും യാതൊരു പരിഹാരവുമുണ്ടായില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ റോഡ് പുനർനിർമാണത്തിനായി സർക്കാരിൽനിന്ന് മൂന്നേമുക്കാൽ കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉടൻ നിർമാണപ്രവൃത്തികൾ തുടങ്ങുമെന്നും ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഷെഹീർ അറിയിച്ചു.

