പൊന്നാനി : കൊച്ചി വിപിഎസ് ലേക്‌ഷോർ ഹോസ്‌പിറ്റൽ സ്ത്രീകൾക്കു മാത്രമായി സംഘടിപ്പിച്ച ‘അമ്മയ്ക്കൊരു കരുതൽ’ സൗജന്യ മെഡിക്കൽ ക്യാമ്പ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു.വിപിഎസ് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അധ്യക്ഷ നായി. പൊന്നാനി ബോട്ട് ഓണേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ സിനിമാനടി വിൻസി അലോഷ്യസ് മുഖ്യാതിഥിയായി. ഡോ. സ്മിത ജോയ് പദ്ധതി വിശദീകരിച്ചു.മുൻ എംപി സി. ഹരിദാസ്, സജ്ജാദ്, പി.പി. യൂസഫ് അലി, എം.വി. ശ്രീധരൻ, കെ.കെ. കോയ, ബഷീർ കർമ്മ, അഡ്വ. ബീനാ ജോസഫ്, പി. രാജീവ്, സുരേഷ് പുന്നക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഗുരുതരമായ രോഗമുള്ള 200 പേരെയാണ് ക്യാമ്പിൽ പരിശോധിച്ചത്. പരിശോധനയിൽ രോഗം കണ്ടെത്തിയ ബിപിഎൽ കാർഡ് അംഗങ്ങൾക്ക് വിപിഎസ് ലേക്‌ഷോർ ആശുപത്രിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പദ്ധതിയിലൂടെ സൗജന്യ മായി ശസ്ത്രക്രിയ ചെയ്തുകൊടുക്കും.ബിപിഎൽ കാർഡ് ഇല്ലാതെ ക്യാമ്പിൽ പങ്കെടുത്തവർക്ക് കുറഞ്ഞനിരക്കിൽ ശസ്ത്രക്രിയ ലഭ്യമാക്കും.

