കുറ്റിപ്പുറം : നിളാ നദിയോരത്തെ പ്രധാന ടൗൺ എന്ന പ്രൗഢിയിൽ നിലനിൽക്കുന്ന കുറ്റിപ്പുറം ടൗൺ നിളാനദിയെ മലിനമാക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്. ടൗണിന്റെ കിഴക്ക്, പടിഞ്ഞാറ് വശത്തുള്ള കാനകളിലൂടെ ശൗചാലയമാലിന്യം ഉൾപ്പെടെയുള്ള മലിനജലം നിളാ നദിയിലേക്ക് ഒഴുകിയെത്തുമ്പോൾ അതിനെതിരേ നടപടി സ്വീകരിക്കാൻ കഴിയാതെ അധികൃതർ കൈമലർത്തുകയാണ്. പ്രശ്നം ഉന്നയിക്കാൻ രാഷ്ട്രീയ പാർട്ടികളോ പരിസ്ഥിതി സംഘടനകളോ തയ്യാറാകുന്നുമില്ല.
പരാതി പറഞ്ഞിട്ടും തിരിഞ്ഞു നോക്കാനാളില്ല:തിരൂർ റോഡിലെ പെട്രോൾ പമ്പ് മുതൽ വൺവേ റോഡ് ടൗൺ ബസ്‌സ്റ്റാൻഡ് വഴി ഏകദേശം 400 മീറ്ററിലധികം നീളത്തിൽ ചിരട്ട ക്കുന്നിലെ തുറ വരെയുള്ള കിഴക്കുഭാഗത്തു കൂടിയുള്ള തോടിലൂടെയാണ് പുഴയുടെ കിഴക്കു ഭാഗത്തേക്ക് മലിനജലം വ്യാപകമായി എത്തുന്നത്. നൊട്ടനാലുക്കൽ ക്ഷേത്രംമുതൽ ഹൈവേ ജങ്ഷൻവരെ, മീൻ മാർക്കറ്റ് മുതൽ ഹൈവേ ജംങ്ഷൻ വരെ, തിരൂർ റോഡിലെ സർവീസ് റോഡ് മുതൽ ഹൈവേ ജങ്ഷൻ വരെയെത്തുന്ന കാനകളിലൂടെയുള്ള മലിനജലം പുഴയുടെ പടിഞ്ഞാറ് ഭാഗത്തേക്കാണ് ഒഴുകിയെത്തുന്നത്. ഇതിൽ ഏറ്റവുംകൂടുതൽ മലിനജലം ഒഴുകിയെത്തുന്നത് കിഴക്കുഭാഗത്താണ്.ടൗണിലെ 500-ൽപ്പരം കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കാങ്കക്കടവ് ജലനിധി പദ്ധതിയുടെ കിണർ കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്. ജൽജീവൻ പദ്ധതിക്കുള്ള കിണർ നിർമിക്കുന്നത് ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ ചെങ്ങണക്കടവിലുമാണ്.
ഈ ഭാഗത്തേക്കാണ് ടൗണിലെ ശൗചാലയമാലിന്യം ഉൾപ്പെടുന്ന മലിനജലം എത്തുന്നത്. പുഴയിലേക്ക് മലിനജലം ഒഴുക്കിവിടുന്നതിനെതിരേ വ്യാപകമായി പരാതി ഉയർന്നതിനെ ത്തുടർന്ന് കഴിഞ്ഞവർഷം പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ രണ്ട് ഘട്ടങ്ങളായി കിഴക്കുഭാഗത്തെ കാന സന്ദർശിച്ചിരുന്നു.കാനയ്ക്ക് മുകളിലെ സ്ളാബുകൾ നീക്കി എവിടെ നിന്നെല്ലാമാണ് മലിനജലം ഒഴുക്കി വിടുന്നതെന്ന് കണ്ടെത്തുമെന്ന് സന്ദർശനസംഘം അറിയിച്ചിരുന്നെങ്കിലും നാളിതുവരെ ഒരു തുടർനടപടിയും ഉണ്ടായില്ല. മലിനജലം ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടുന്നതിനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റിപ്പുറത്തെ സാമൂഹിക സംഘടനയായ ക്ളീൻ കുറ്റിപ്പുറം ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിലും തുടർനടപടി ഉണ്ടായിട്ടില്ല.
മഴക്കാലപൂർവ ശുചീകരണമില്ല:മഴക്കാലപൂർവ ശുചീകരണം കുറ്റിപ്പുറം ടൗണിന്അന്യ മാണ്. ടൗണിന് പുറത്ത് മറ്റു വാർഡുകളിൽ മഴക്കാലപൂർവ ശുചീകരണം നടക്കുമെങ്കിലും ടൗണിൽമാത്രം നടക്കാറില്ല. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളിലും വാർത്താ മാധ്യമ ങ്ങളിലും പ്രതിഷേധങ്ങൾ വ്യാപകമായി ഉയർന്നതോടെ ഈ വർഷം ബസ്‌സ്റ്റാൻഡിന്റെ കിഴക്കുഭാഗത്തെ കാനമാത്രം പേരിന് ശുചീകരിച്ചു.കാനകളിൽ മിക്കയിടത്തും മാലിന്യം നിറഞ്ഞ അവസ്ഥയാണ്. വർഷാ വർഷം കാനകൾ ശുചീകരിച്ചാൽ വർഷക്കാലത്ത് ടൗണിൽ ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരമാകും.പകർച്ചവ്യാധികൾ പടരുന്നത് ഒരുപരിധിവരെ തടയാനുമാകും, എന്നാൽ ഈ വിഷയത്തിൽ കാര്യക്ഷമമായ നിലപാട് അധികൃതരിൽനിന്ന് ഉണ്ടാകുന്നില്ല.

