പുറത്തൂർ : ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് നാടിന് സമർപ്പിച്ചിട്ട് 12-ാം വർഷത്തിലേക്ക് കടക്കുമ്പോൾ പദ്ധതിയുടെ പൂർണ പ്രയോജനത്തിലേക്ക് ഇനിയുമെത്തിയില്ല. 2012 മേയ് മാസത്തിലാണ് പാലം തുറന്നുകൊടുത്തത്.
ഭാരതപ്പുഴയ്ക്ക് കുറുകേ പൊന്നാനി-തിരൂർ താലൂക്കുകളെ ബന്ധിപ്പിക്കുന്ന പാലം ഫലത്തിൽ ദേശീയപാതയ്ക്ക് സമാന്തരമായി തീരദേശറൂട്ടെന്ന ഗതാഗതമാർഗമായി മാറി. കോഴിക്കോട്-കൊച്ചി യാത്രാ ദൂരത്തിൽ ഗണ്യമായ കുറവും വന്നു. എന്നാൽ പദ്ധതിയുടെ മറ്റൊരു പ്രധാനലക്ഷ്യമായ കുടിവെള്ള ജലസേചന പദ്ധതി ഇനിയും യാഥാർഥ്യമായിട്ടില്ല.
ഷട്ടർ നിർമാണത്തിലെ അപാകംമൂലം ചോർച്ച വന്നതോടെയാണ് വെള്ളം സംഭരിക്കാൻ കഴിയാതെ പോകുന്നത്. നിർമാണത്തിലെ അപാകത്തെക്കുറിച്ചുള്ള അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്. പാലത്തിന്റെ ചോർച്ചയടയ്ക്കൽ പ്രവൃത്തിയും ഇഴയുകയാണ്.
സംസ്ഥാനത്തെ ഏറ്റവും നീളംകൂടിയ റെഗുലേറ്റർ കം ബ്രിഡ്ജായ ചമ്രവട്ടംപാലം നിർമിച്ചത് 156 കോടി രൂപ ചെലവിലാണ്. പദ്ധതിയോട് അനുബന്ധമായ ടൂറിസം പദ്ധതിയൊന്നും ഇതുവരെ പച്ച പിടിച്ചിട്ടില്ല. ഡി.ടി.പി.സി. പുതുതായി നിർമിച്ച ഭക്ഷ്യശാലകളും തെരുവുകച്ചവടവും മാത്രമാണ് ഇപ്പോൾ പ്രദേശത്തെ ആകർഷിക്കുന്ന ഏക സംഗതി. ചമ്രവട്ടം പദ്ധതിയോടുള്ള അവഗണനയ്ക്കെതിരേ നാട്ടുകാർ സമരത്തിനൊരുങ്ങുകയാണ്.