മാറഞ്ചേരി : മാറഞ്ചേരി ഗവ: ഹയർസെക്കൻഡറി സ്‌കൂൾ എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയുമായും പെരിന്തൽമണ്ണ ഗവ: ബ്ലഡ് സെൻ്ററുമായും സഹകരിച്ചു കൊണ്ട് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി തലത്തിൽ നടത്തി വരുന്ന ജീവദ്യുതി രക്തദാന ക്യാമ്പയിന്റെ ഭാഗമായാണ് ഡിസംബർ 10 ഞായറാഴ്ച മാറഞ്ചേരി ഗവ: ഹയർ സെക്കൻഡറി സ്കൂളില്‍ വെച്ച് ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ 70 പേർ രജിസ്റ്റർ ചെയ്യുകയും 6 വനിതകളും 19 ആദ്യ രക്തദാതാക്കളുമടക്കം 50 പേർ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് പ്രസാദ് ചക്കലാക്കൽ നിർവഹിച്ചു.
കുറഞ്ഞ ദിവസം കൊണ്ട് മികച്ച രീതിയിൽ ഒരുക്കങ്ങൾ നടത്തി നൂറിലധികം പേരെ ക്യാമ്പിലേക്ക് എത്തിക്കുകയും ക്യാമ്പിന് വേണ്ട എല്ലാ സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്ത പ്രോഗ്രാം ഓഫീസർ
ഡോ: നിഷ ടീച്ചറുടെ നേതൃത്വത്തിലുള്ള എൻ.എസ്.എസ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെ ബ്ലഡ് ഡോണേഴ്‌സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റി പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.
രക്തത്തിന്റെ ആവശ്യകതയും രക്തദാനത്തിന്റെ പ്രസക്തിയും വളർന്ന് വരുന്ന വിദ്യാർഥികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിൽ നാഷണൽ സർവീസ് സ്‌കീം വിഭാവനം ചെയ്ത ജീവദ്യുതി പദ്ധതിക്ക് വലിയ പ്രാധാന്യം ഉണ്ടെന്നും ഇത് യുവ സമൂഹത്തെ രക്തദാന രംഗത്തേക്ക് കൈ പിടിച്ചുയർത്തതുന്നതിന് ഏറെ സഹായകരമാണെന്നും ബി.ഡി.കെ പ്രവർത്തകർ അഭിപ്രായപ്പെട്ടു. ക്യാമ്പിന് അധ്യാപകരായ ഇബ്രാഹിം കുട്ടി സി.വി, റിനീഷ എന്നിവരും ബ്ലഡ് ഡോണേഴ്‌സ് കേരള പ്രവർത്തകരായ അമീൻ മാറഞ്ചേരി, ബാദുഷ പുതു പൊന്നാനി, ജുനൈദ് നടുവട്ടം, അലി ചേക്കോട് എന്നിവരും എയ്ഞ്ചൽസ് വിങ് പ്രവർത്തകരായ ആരിഫ മാറഞ്ചേരി, രജിത എടപ്പാൾ, ഷബ്ന വടമുക്ക്, ജസീന കമറുദ്ധീൻ, അസ്ന മാറഞ്ചേരി എന്നിവരും ചേർന്ന് നേതൃത്വം നൽകി.