Breaking
Sun. Aug 16th, 2026

കുരുക്കഴിയാതെ എടപ്പാൾ ടൗൺ; ഗതാഗതക്കുകുരുക്ക് മുറുക്കി അനധികൃത പാർക്കിങ്

എടപ്പാൾ : കുരുക്കിലമർന്ന് എടപ്പാൾ ടൗൺ. വൈകുന്നേരം ആകുമ്പോഴേക്കും നാലു റോഡിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. നാലു റോഡിലും അനധികൃതമായി നിർത്തിയിടുന്ന ബസുകളും ഓട്ടോകളും കുരുക്ക് വർധിപ്പിക്കുകയാണ്. മിക്ക ദിവസങ്ങളിലെയും അവസ്ഥ ഇതുതന്നെയാണ്. ഇനി സ്കൂളുകൾ കൂടി തുറക്കുന്നതോടെ തിരക്ക് ക്രമാതീതമായി ഉയരും. ടൗണിൽ പൊലീസ് എയ്ഡ് പോസ്റ്റിന് മുന്നിൽ പോലും സ്വകാര്യ ബസുകൾ ഉൾപ്പെടെ നിർത്തിയിടുന്ന അവസ്ഥയാണ്. ട്രാഫിക് പൊലീസിന്റെ അഭാവത്തിൽ ചോദിക്കാനും പറയാനും ആളില്ലാത്ത സ്ഥിതിയായതോടെ തോന്നിയ പോലെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതിന് പുറമേ തൃശൂർ – കുറ്റിപ്പുറം റോഡുകളിൽ മേൽപാലം ഇറങ്ങി വരുന്ന ഭാഗത്ത് തന്നെ സ്വകാര്യ ബസുകൾ നിർത്തിയിട്ട് യാത്രക്കാരെ കയറ്റുന്നതോടെ മറ്റു വാഹനങ്ങൾക്ക് കടന്നു പോകാൻ ഇടമില്ലാത്ത സ്ഥിതിയാകും. ഇതോടെ വാഹനങ്ങളുടെ നീണ്ട നിര കിലോ മീറ്ററുകൾ നീളും. സമീപ പ്രദേശങ്ങളായ അംശകച്ചേരി, നടുവട്ടം, അണ്ണക്കംപാട്, ശുകപുരം ഭാഗങ്ങളിൽ വരെ വാഹനങ്ങളുടെ തിരക്ക് തുടരും. ആംബുലൻസുകൾ ഉൾപ്പെടെ കുരുക്കിൽ അകപ്പെട്ട് ഏറെ നേരം കിടക്കുന്നതും പതിവാണ്. ഇതിനിടെ നിര തെറ്റിച്ച് മുന്നോട്ടു വരുന്ന വാഹനങ്ങളുമായി ഉണ്ടാകുന്ന തർക്കങ്ങളും ഇവിടെ തുടർക്കഥയാണ്. കൂടുതൽ പൊലീസിനെ നിയോഗിച്ച് ടൗണിലെ കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് നേരെ അധികൃതർ മുഖം തിരിക്കുകയാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *