Breaking
Thu. Jun 18th, 2026

തിരൂർ: നാളെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്ന നാഗർകോവിൽ – മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ് തിരൂരിൽ നിർത്തും. ആഴ്ചയിലൊരു ദിവസമാണ് പുതിയ ട്രെയിൻ ഓടിക്കുന്നത്. 16329 എന്ന നമ്പറിൽ നാഗർകോവിലിൽനിന്ന് ചൊവ്വാഴ്ചകളിൽ 11.40ന് വണ്ടി മംഗളൂരുവിലേക്ക് പുറപ്പെടും. ബുധൻ രാത്രി 10.05ന് ട്രെയിൻ മംഗളൂരുവിലെത്തും. 16330 എന്ന നമ്പറിൽ രാവിലെ 8ന് തിരിച്ചു പുറപ്പെടും. രാത്രി 10.05ന് നാഗർകോവിലിൽ എത്തും. വിശദമായ സമയക്രമം ഇന്നറിയാം. നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസാണെങ്കിലും ഈ ട്രെയിനിൽ എസി കോച്ചുകൾ ഉണ്ടാകില്ല. മികച്ച സീറ്റിങ് സംവിധാനങ്ങളും ചാർജിങ് പോയിന്റുകളും ട്രെയിനിലുണ്ട്. ശുചിമുറികളിൽ വെള്ളം ലഭിക്കാൻ സെൻസർ പോയിന്റ് സംവിധാനമാണുള്ളത്.

ആകെ 22 കോച്ചുകളുണ്ട്. ഇതിൽ 12 എണ്ണം സ്‍ലീപ്പർ ക്ലാസ് കോച്ചു കളാണ്. 8 ജനറൽ കോച്ചുകളും ഭിന്നശേഷിക്കാർക്കും കയറാവുന്ന 2 ലഗേജ് വാനുകളുമുണ്ട്. എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള കവച് സംവിധാനവും ഈ ട്രെയിനിലുണ്ട്.  അതേ സമയം വണ്ടി ചൊവ്വാഴ്ചകളിൽ ഓടിക്കുന്നതിനെക്കുറിച്ച് വിമർശനങ്ങൾ ഉയരുന്നുണ്ട്. ശനിയോ, ഞായറോ ട്രെയിൻ ഓടിച്ചിരുന്നെങ്കിൽ, കൂടുതൽ യാത്രക്കാർക്ക് ഉപകാരമാകുമെന്നാണ് യാത്രക്കാരുടെ സംഘടനകൾ പറയുന്നത്. ആഴ്ചയിൽ ഒരു ദിവസമെന്നത് മാറ്റി കുറഞ്ഞത് നാല് ദിവസമെങ്കിലും ഓടിക്കണമെന്നും ആവശ്യമുയരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *