പുതുപൊന്നാനി : അഴിമുഖത്തെ മണൽത്തിട്ട നീക്കംചെയ്യൽ വൈകുന്നു. വിശദ പഠനറിപ്പോർട്ട് (ഡി.പി.ആർ.) ഇതുവരെ തയ്യാറാക്കിയിട്ടില്ല. അഴിമുഖത്തെ മണൽത്തിട്ടയിൽ മത്സ്യബന്ധന യാനങ്ങൾ ഇടിക്കുന്നതും അപകടമുണ്ടാകുന്നതും പതിവായതോടെയാണ് മണൽത്തിട്ട നീക്കാൻ തീരുമാനിച്ചത്.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (എൻ.ഐ.ഒ.ടി.) യിലെ ശാസ്ത്രജ്ഞർ ഒക്ടോബറിൽ പുതുപൊന്നാനി അഴിമുഖം സന്ദർശിച്ചിരുന്നു.
ഒരാഴ്ചയ്ക്കകം രൂപരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്നും ഇതിന് ശേഷം പദ്ധതിക്കാവശ്യമായ അടങ്കൽ തയ്യാറാക്കി ഹാർബർ വകുപ്പ് സർക്കാരിന്റെ അംഗീകാരത്തിന് സമർപ്പിക്കുമെന്നുമാണ് അറിയിച്ചിരുന്നത്.
പുതുപൊന്നാനി അഴിമുഖത്ത് ഹൈഡ്രോ ഗ്രാഫിക് വിഭാഗം സർവേ നടത്തി അഴിമുഖത്തിന്റെ ആഴവും അടിഞ്ഞുകൂടിയ മണലിന്റെ തോതും തിട്ടപ്പെടുത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് എൻ.ഐ.ഒ.ടി. സംഘത്തിന് കൈമാറുകയും ചെയ്തിരുന്നു.
കാറ്റിന്റെ ദിശ, കടൽത്തിരമാലകളുടെ ഗതി എന്നിവ പഠനവിധേയമാക്കിയതിനുശേഷം വിശദ പദ്ധതിരേഖ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 14.4 ലക്ഷം രൂപയാണ് അനുവദിച്ചത്. പുതുപൊന്നാനി മുനമ്പം ഭാഗത്തും വെളിയങ്കോട് ഭാഗത്തുമായി പുലിമുട്ട് നിർമിച്ച് അഴിമുഖത്തെ മണൽത്തിട്ട നീക്കംചെയ്യുന്ന തരത്തിലുള്ള ഡി.പി.ആർ. തയ്യാറാക്കാനാണ് പ്രാഥമികധാരണ.
നൂറിലേറെ ഫൈബർ വള്ളങ്ങളും ചെറുവള്ളങ്ങളും അഴിമുഖത്ത് മീൻപിടിത്തം നടത്തുന്നുണ്ട്. യാനങ്ങൾക്ക് സുഗമമായി കടന്നുപോകുന്നതിനുവേണ്ടി അഴിമുഖത്തെ കല്ലുകൾ നീക്കംചെയ്തെങ്കിലും മണൽത്തിട്ടകളും അഴിമുഖത്തിന്റെ വീതിക്കുറവും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. നിലവിൽ കല്ലുകൾക്കും മണൽത്തിട്ടകൾക്കുമിടയിലെ ചെറിയ ഭാഗത്തുകൂടിയാണ് യാനങ്ങൾ കടന്നുപോകുന്നത്. ശക്തമായ തിരയിൽ ചെറുവള്ളങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.