കുറ്റിപ്പുറം: കുറ്റിപ്പുറത്ത് തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ബംഗ്ലാംകുന്നിൽ ജാഫർ സാദിഖ്ന്റെ മകൾ ഹയ ഫാത്തിമ (6) ആണ് മരിച്ചത്. കാർത്തല മർകസ് അൽഅബീർ സ്കൂൾ വിദ്യാർത്ഥിയാണ്.
മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി മുറിയിൽ കളിച്ചുകൊണ്ടിരിക്കേ അബദ്ധത്തിൽ തൊട്ടിൽ കയറിൽ കുരുങ്ങുകയായിരുന്നു. കട്ടിലിൽ നിന്നും ചാടുന്നതിനിടയിൽ കയർ കഴുത്തിൽ കുരുങ്ങിയതാണെന്നാണ് നിഗമനം.
സഹോദരി മുറിയിൽ കയറി നോക്കിയപ്പോഴാണ് തൊട്ടിൽ കയർ കഴുത്തിൽ കുടുങ്ങിയ നിലയിൽ ഹയ ഫാത്തിമയെ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.