Breaking
Sun. Aug 16th, 2026

തവനൂരിന് വികസന വാഗ്ദാനങ്ങൾ: ഡോ. കെ.ടി. ജലീൽ പ്രഖ്യാപനം

എടപ്പാൾ : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥിയായ ഡോ. കെ.ടി. ജലീൽ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടാൽ അടുത്ത അഞ്ച് വർഷത്തിനിടെ മണ്ഡലത്തിൽ സമഗ്ര വികസന പദ്ധതികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കാർഷികം, അടിസ്ഥാന സൗകര്യങ്ങൾ, ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങി വിവിധ മേഖലകളിലായി നിരവധി പദ്ധതി കളാണ് അദ്ദേഹം മുന്നോട്ടുവച്ചിരിക്കുന്നത്.കാർഷിക മേഖലയിലെ പുരോഗതിക്കായി എടപ്പാൾ പഞ്ചായത്തിലെ തരിശായി കിടക്കുന്ന കോൾ നിലങ്ങൾ കൃഷിയോഗ്യമാക്കുമെന്നും പുറത്തൂർ മുനമ്പത്തെ കല്ലുമ്മക്കായ് കൃഷി വിപുലീകരിച്ച് വിദേശ കയറ്റുമതിക്ക് വഴിയൊരുക്കുമെന്നും ജലീൽ വ്യക്തമാക്കി. വരതൂർ കായൽതോട് വികസനത്തിനായി കൂടുതൽ ഫണ്ടുകൾ അനുവദിച്ച് കാർഷികോല്പാദനം വർധിപ്പിക്കുമെന്നും തവനൂർ കാർഷിക സർവ്വകലാശാലയുടെ ഗവേഷണഫലങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നതിനായി പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചാത്തല വികസനത്തിന്റെ ഭാഗമായി തവനൂർ-തിരുന്നാവായ പാലം പൂർത്തീകരിക്കൽ, കർമ്മ റോഡ് ദീർഘിപ്പിക്കൽ, ആലത്തിയൂർ ജംഗ്ഷനിൽ ഫ്ലൈഓവർ നിർമ്മാണം എന്നിവ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് അറിയിച്ചു. ചമ്രവട്ടം മുതൽ അഴിമുഖം വരെ പുതിയ ടൂറിസം റോഡും നായർ തോട് മുതൽ മുട്ടനൂർ വരെ പുതിയ വികസന പാതയും നിർമ്മിക്കു മെന്നും എടപ്പാളിൽ മിനി സിവിൽ സ്റ്റേഷൻ കം ബസ് സ്റ്റാൻഡ് സ്ഥാപിക്കുമെന്നും പറഞ്ഞു. പടിഞ്ഞാറെക്കര-പൊന്നാനി ഫ്ലോട്ടിംഗ് ബ്രിഡ്ജ് പദ്ധതിയുടെ സാങ്കേതിക തടസ്സങ്ങൾ നീക്കി വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ടൂറിസം മേഖലയെ ശക്തിപ്പെടുത്തു ന്നതിനായി പുഴകളിലും കായലുകളിലും അംഗീകൃത ബോട്ട് സർവീസുകൾ ആരംഭിക്കുകയും ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കുകയും മുരുക്കും മാട് ദ്വീപിനെ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുമെന്ന് ജലീൽ വ്യക്തമാക്കി.

വിദ്യാഭ്യാസ രംഗത്ത് മണ്ഡലത്തിലെ ഐടിഐക്ക് സ്വന്തമായ കെട്ടിടം നിർമ്മിക്കുകയും സ്റ്റുഡന്റ് പൊലീസ് സംവിധാനം എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കും വ്യാപിപ്പിക്കു കയും ചെയ്യും. ആരോഗ്യരംഗത്ത് CHCകളിൽ കിടത്തി ചികിത്സാ വിഭാഗങ്ങൾ ആരംഭിച്ച് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മിക്കുമെന്നും അറിയിച്ചു.ജലസേചന-കുടിവെള്ള പദ്ധതികളിൽ ചമ്രവട്ടം റഗുലേറ്ററിലെ ചോർച്ച പരിഹരിക്കുകയും കൂട്ടായി റഗുലേറ്റർ-ബ്രിഡ്ജ് പൂർത്തി യാക്കുകയും ജൽജീവൻ മിഷൻ വേഗത്തിലാക്കി മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ചെകുത്താൻ കുണ്ട് പദ്ധതി നവീകരിക്കുകയും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ സജ്ജമാക്കുകയും ചെയ്യും.

കായിക-സാംസ്കാരിക രംഗങ്ങളിൽ ഗ്രൗണ്ടുകൾ വികസിപ്പിക്കൽ, സമ്മർ ക്യാമ്പുകൾ, മിനി സ്റ്റേഡിയങ്ങൾ എന്നിവയും വള്ളത്തോൾ സ്മാരക വികസനം, “എന്റെ മലയാളം” സാഹിത്യകളരി, ആർട്ട് ഗ്യാലറി തുടങ്ങിയ പദ്ധതികളും നടപ്പാക്കുമെന്ന് ജലീൽ വ്യക്തമാക്കി.പൊതുവായ വികസന പദ്ധതികളിൽ പുതിയ പൊലീസ് സ്റ്റേഷനുകൾ, സബ് ട്രഷറി, മിനി ഹാർബർ, ഫിഷ് ലാൻഡിംഗ് സെൻറർ, വൈദ്യുതി ഉൽപാദന പദ്ധതികൾ, ട്രാൻസ്ഫോർമറുകൾ, പ്ലാനറ്റോറിയം, കുടുംബശ്രീ മേളകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ തുടങ്ങിയവയും ഉൾപ്പെടുന്നതായി അദ്ദേഹം അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *