കുറ്റിപ്പുറം : 63 കുടുംബങ്ങളുടെ ശുദ്ധജല സോത്രസ്സായ ക്വാറി വൃത്തിയാക്കാൻ സാധിക്കാത്ത തു പ്രതിസന്ധി സൃഷ്ടിക്കുന്നു. കുറ്റിപ്പുറം സിവിൽ സ്‌റ്റേഷൻ റോഡിലുള്ള ഹോം സ്റ്റെഡ് ഫ്ലാറ്റിലെ കുടുംബങ്ങളുടെ ശുദ്ധജലമാണ് തടസ്സപ്പെട്ടത്. ക്വാറിയിലെ മാലിന്യവും ചെളിയും നീക്കം ചെയ്യാൻ അഞ്ച് ഭൂഉടമകളുടെ വഴിയിലുടെ കടന്നുപോകണം. ഇവർ അനുമതി നൽകാത്തതാണ് പ്രതിസന്ധിക്കു കാരണം. കുടിയാലോചന നടത്താതെ പൊലീസും ഉദ്യോഗസ്ഥരുമായി എത്തി ക്വാറിയിലേക്ക് അതിക്രമിച്ചു കയറുന്നതായാണ് ഭൂഉടമകൾ പറയുന്നത്.ഇന്നലെ രാവിലെ ജെസിബിയുമായി റവന്യു ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാർ തടഞ്ഞു. ഫ്ലാറ്റിന്റെ പിൻവശത്തുള്ള ക്വാറിയാണ് ഫ്ലാറ്റ് നിവാസികൾ ഉപയോഗിക്കുന്നത്. ഇത് മലിനമായതോടെ ഫ്ലാറ്റ് ഉടമകൾ നിർമാണ കമ്പനിയെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.
പിന്നീട് തിരൂർ സബ് കലക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന് അടിയന്തരമായി ക്വാറി വൃത്തിയാക്കാൻ നിർമാണ കമ്പനിക്ക് ഉത്തരവ് നൽകി. എന്നാൽ ഫ്ലാറ്റിൽനിന്നു ക്വാറിയിലേക്ക് പ്രവേശിക്കാൻ വഴിയില്ലാത്തതാണ് പ്രതിസന്ധിയായത്. 18 വർഷം മുൻപ് ഫ്ലാറ്റ് നിൽകുന്ന പ്രദേശം വ്യക്തി വാങ്ങിയപ്പോൾ അവർക്ക് വെള്ളം ഉപയോഗിക്കാൻ ക്വാറി ഉടമ രേഖാമൂലം അനുമതി നൽകിയിരുന്നതായി പറയുന്നു. ഇതിനു ശേഷം ഏട്ടു വർഷം മുൻപാണ് ഹോം സ്റ്റെഡ് കമ്പനി സ്ഥലം വാങ്ങി ഫ്ലാറ്റ് നിർമിച്ചത്. 18 മുൻപ് വെള്ളം ഉപയോഗിക്കാൻ ക്വാറി ഉടമ നൽകിയ അനുമതിയിലാണ് നിലവിൽ ഫ്ലാറ്റിലേക്ക് ഉപയോഗിക്കുന്നത്. വിഷയത്തിൽ അടിയന്തിര പരിഹാരം കാണണമെന്ന് ഫ്ലാറ്റ് ഉടമകളായ നെജുമോൾ ജാബിർ, പി.പി.മുരളീധരൻ, കെ.ഷാഹുൽ ഹമീദ്, ഡോ. കെ.പി.ജാബിർ മൂസ എന്നിവർ അറിയിച്ചു.

