പൊന്നാനി: വ്യത്യസ്തതകൾക്കൊണ്ട് കലാരംഗത്ത് വിസ്മയം വരച്ചിടുന്ന ചിത്രകാരി ശ്രീജ കളപ്പുരയ്ക്കലിന്റെ പതിലാമത് ചിത്രപ്രദർശനം പൊന്നാനിയിൽ തുടങ്ങി.
‘ലുമിനോസ്-14’ എന്നു പേരിട്ട പ്രദർശനം ചാർക്കോൾ ആർട്ട് ഗാലറിയിൽ സംവിധായകനും ചിത്രകാരനുമായ അമ്പിളി ഉദ്ഘാടനംചെയ്തു. കവി ഹരിയാനന്ദകുമാർ അധ്യക്ഷതവഹിച്ചു.
സാധാരണക്കാരന്റെ മനസ്സിൽ എളുപ്പം പതിയുന്ന ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. പ്രകൃതിയിലെ കാഴ്ചകളാണ് കാൻവാസിലേക്ക് പകർത്തിയിരിക്കുന്നത്.
പക്ഷികളും മൃഗങ്ങളും വെള്ളച്ചാട്ടവുമെല്ലാമുണ്ട് അതിൽ. ചിത്രരചനയിൽ വേറിട്ട ശൈലി സ്വീകരിക്കുന്ന ശ്രീജ കളപ്പുരയ്ക്കൽ തൂവലുകളിലും കല്ലുകളിലും ചിപ്പിയിലും ചിത്രരചന നടത്തി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. പരമ്പരാഗത രീതിയിൽനിന്ന് വ്യത്യസ്തമായാണ് ചിത്രങ്ങൾ തീർത്തിരിക്കുന്നത്.
ചിതറിത്തെറിക്കുന്ന വർണങ്ങളാണ് മനോഹരചിത്രങ്ങളായി രൂപപ്പെട്ടിരിക്കുന്നത്. വേഗത്തിൽ ഉണങ്ങുന്ന അക്രിലിക് പെയിന്റുപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.
മൂന്നുദിവസത്തോളമെടുത്താണ് പല ചിത്രങ്ങളും പൂർത്തിയാക്കിയത്. 35 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ നടക്കുന്ന പ്രദർശനം 22-ന് സമാപിക്കും.
ഉദ്ഘാടനച്ചടങ്ങിൽ വാർഡ് കൗൺസിലർ പി.വി. ലത്തീഫ്, മുഹമ്മദ് പൊന്നാനി, മണികണ്ഠൻ പൊന്നാനി, ശ്രീജ കളപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.