കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിര്‍ണായക ദിനം. ഡല്‍ഹിയിലെത്തിയ കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ് നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും. മുഖ്യമന്ത്രി തര്‍ക്കം തെരുവിലെത്തിയോടെ ഉടന്‍ തീരുമാനമാക്കാനുള്ള തിടുക്കത്തിലാണ് നേതാക്കള്‍. നേതാക്കളുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ കീറിയും മുദ്രാവാക്യം വിളിച്ചും തര്‍ക്കം കൂടുതല്‍ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഘടകക്ഷി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തര്‍ക്കം രൂപപ്പെട്ടു. മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാവിന്റെ ഫ്‌ലക്‌സ് ബോര്‍ഡ് കീറി പരസ്യമായി കത്തിച്ച സംഭവവും അരങ്ങേറി. കെ സി വേണുഗോപാലിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വി ഡി സതീശന്‍ അനുകൂലികള്‍ തലസ്ഥാന നഗരിയില്‍ വലിച്ചു കീറി പ്രതിഷേധം അരങ്ങേറി. പ്രവര്‍ത്തകരും നേതാക്കളും രണ്ട് തട്ടിലായതോടെ മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാതെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
തര്‍ക്കം പരിഹരിച്ചാല്‍ വൈകുന്നേരത്തോടെ പ്രഖ്യാപനം വന്നേക്കാം. എംഎല്‍എമാരുടെ ഭൂരിപക്ഷത്തില്‍ കെ സി വേണുഗോപാല്‍ മുന്നില്‍ നില്‍ക്കുമ്പോള്‍, ഘടകകക്ഷികളുടെ നിലപാടും, കോണ്‍ഗ്രസ് പ്രവര്‍ത്തകരും വോട്ടര്‍മാരും വിഡി സതീശന് അനുകൂലമാണ്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെസി വേണുഗോപാലിന് എംഎല്‍എമാരുടെ വന്‍ പിന്തുണയാണുള്ളത്. 45 ലധികം എംഎല്‍എമാര്‍ നീരക്ഷകരോട് കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ടെന്നാണ് കെ സി പക്ഷം അവകാശപ്പെടുന്നത്. ഈ കണക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുമെന്ന ഉറച്ച് ആത്മവിശ്വാസമാണ് കെസി പക്ഷത്തിന്. മുഖ്യമന്ത്രി പദത്തില്‍ ഘടകക്ഷികളുടെ പിന്തുണ തുണയാകുമെന്ന പ്രതീക്ഷയില്‍ വി ഡി സതീശന്‍ ക്യാമ്പ്. പിന്തുണയില്‍ പിന്നോട്ടില്ലെന്ന് മുസ്ലിം ലീഗും വ്യക്തമാക്കുന്നു. സമവായ സ്ഥാനാര്‍ഥിയായി താന്‍ എത്തുമെന്ന പ്രതീക്ഷ ചെന്നിത്തലയും കൈവിടുന്നില്ല.

