പൊന്നാനി : ചമ്രവട്ടം റൂട്ട് തകിടം മറിച്ച കെഎസ്ആർടിസി അധികൃതർ അറിഞ്ഞിരുന്നോ? വിശന്നു വലഞ്ഞ കൈകുഞ്ഞുങ്ങളുമായി രാത്രിയിൽ കെഎസ്ആർടിസി ബസും കാത്തു നിൽക്കേണ്ടി വന്ന അമ്മയുടെ ദുരവസ്ഥ. തിരൂരിൽ ഒരു മണിക്കൂറിലധികം കാത്തുനിന്നാണ് അവർക്ക് പൊന്നാനിയിലേക്കുള്ള ബസ് കിട്ടിയത്. പിന്നെ പൊന്നാനി സ്റ്റാൻഡിൽ നിന്ന് വീടിനടുത്തേക്കുള്ള ബസിനായി രാത്രി പത്തര കഴിഞ്ഞും ആ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും കാത്തുനിൽക്കേണ്ടി വന്നു. വിശന്നു കരയുന്ന കുഞ്ഞുങ്ങളെ ചേർത്തു പിടിച്ചാണ് ആ അമ്മ മണിക്കൂറുകൾ കാത്തിരുന്നത്. കെഎസ്ആർടിസിയെന്നാൽ വിശന്ന് കാത്തിരിക്കേണ്ടി വരുന്ന ഇടമാണെന്നായിരിക്കും ആ കുഞ്ഞുങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാവുക. ഒരമ്മയും കുഞ്ഞും മാത്രമല്ല, ചമ്രവട്ടം പാലം വഴിയുള്ള കെഎസ്ആർടിസി റൂട്ടിൽ ഒരായിരം അമ്മമാരും കുഞ്ഞുങ്ങളും ഇൗ ദുരവസ്ഥ ഓരോ ദിവസവും അനുഭവിക്കുന്നുണ്ട്.
25 രൂപയുടെ ടിക്കറ്റിന് പകരം 178 രൂപ
അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയിട്ടും പ്രവേശനോത്സവ ദിനത്തിൽ തന്നെ സ്കൂളിലേക്ക് വൈകിയെത്തിയ അധ്യാപികയ്ക്ക് പ്രധാനാധ്യാപകനിൽ നിന്ന് വഴക്ക് കേൾക്കേണ്ടി വന്നു. അധ്യാപികയെ ചതിച്ചത് ചമ്രവട്ടം റൂട്ടിലെ കെഎസ്ആർടിയാണ്. സ്കൂൾ സമയങ്ങളിൽ പോലും സമയക്രമം പാലിച്ച് ഓടിക്കാൻ കെഎസ്ആർടിസിക്ക് കഴിയുന്നില്ല. തിരൂരിലെ സർക്കാർ സ്കൂളിൽ ജോലി ചെയ്യുന്ന പൊന്നാനി സ്വദേശിയായ മറ്റൊരു അധ്യാപിക മിക്ക ദിവസവും ചമ്രവട്ടം ജംക്‌ഷനിൽ നിന്ന് ചമ്രവട്ടം പാലത്തിനപ്പുറത്തെ സ്റ്റോപ് വരെ ഓട്ടോ വിളിക്കുകയാണ് ചെയ്യുന്നത്. 150 രൂപയാണ് ഓട്ടോ ചാർജ്. അവിടെ നിന്ന് 18 രൂപയുടെ ടിക്കറ്റെടുത്ത് സ്വകാര്യ ബസിലാണ് സ്കൂളിലെത്തുന്നത്. കെഎസ്ആർടിസി ബസിൽ ആകെ 25 രൂപയുടെ ടിക്കറ്റെടുത്തുള്ള യാത്രയ്ക്കാണ് 178 രൂപ ചെലവാക്കേണ്ടി വരുന്നത്. അധ്യാപകർ എംഎൽഎമാർക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും മാറ്റമുണ്ടായിട്ടില്ല.
സർവീസുകളിൽ അഴിച്ചുപണിയുണ്ടാകും: വി.എസ്.ജോയ്
പൊന്നാനി ∙ ചമ്രവട്ടം പാലം വഴിയുള്ള പൊന്നാനി–തിരൂർ കെഎസ്ആർടിസി സർവീസുകളിൽ അടിയന്തര അഴിച്ചുപണിയുണ്ടാകുമെന്നും മന്ത്രി സി.പി.ജോണുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും വി.എസ്.ജോയ് എംഎൽഎ. ചമ്രവട്ടം പാലം വഴിയുള്ള കെഎസ്ആർടിസി സർവീസിന്റെ ദുരവസ്ഥ തുറന്നു കാട്ടി ‘മനോരമ’ പരമ്പര പ്രസിദ്ധീകരിച്ചു തുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. യാത്രക്കാർക്ക് ഗുണകരമാകുന്ന രീതിയിൽ കൃത്യമായ ഇടവേളകളിൽ ബസ് സർവീസ് ആരംഭിക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകിയതായും വനിതകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കിയ സാഹചര്യത്തിൽ ഇൗ റൂട്ടിലെ കെഎസ്ആർടിസി സർവീസുകൾ തീരദേശ മേഖലകളിലുള്ള വനിതകൾക്ക് ഏറെ പ്രയോജനപ്രദമാകുമെന്നും എംഎൽഎ പറഞ്ഞു.
ഭാഗ്യമുണ്ടെങ്കിൽ കിട്ടും
‘ചമ്രവട്ടം റൂട്ടിൽ 20 മിനിറ്റിനുള്ളിൽ ഒരു കെഎസ്ആർടിസി ബസ് കിട്ടിയാൽ വല്ലാത്ത ഭാഗ്യമാണ്’– കണ്ണൂരിൽ നിന്ന് പതിവായി പൊന്നാനിയിലേക്ക് വരുന്ന യാത്രക്കാരന്റെ വാക്കുകളാണ്. തിരൂരിൽ ട്രെയിൻ ഇറങ്ങിയ ശേഷം തിരൂർ സ്റ്റാൻഡിൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നുണ്ട്. ഇരിക്കാൻ പോലും ഇടമില്ലാത്ത തിരൂർ സ്റ്റാൻഡിൽ ഒരേ നിൽപാണ്. കാല് കടഞ്ഞും നടു വേദനിച്ചും സഹികെട്ട് ഇപ്പോൾ പൊന്നാനി–ചമ്രവട്ടം റൂട്ട് ഉപേക്ഷിച്ചു. കുറ്റിപ്പുറം വന്ന് എടപ്പാൾ വഴി സ്വകാര്യ ബസിൽ പൊന്നാനിയിലേക്കു വരികയാണ്. കുറ്റിപ്പുറത്ത് നിർത്താത്ത ട്രെയിനാണെങ്കിൽ തിരൂരിൽ നിന്ന് സ്വകാര്യ ബസിൽ കുറ്റിപ്പുറത്തേക്കു വരും. അവിടെ നിന്ന് എടപ്പാൾ വഴി പൊന്നാനിയിലേക്കാണ് ഇപ്പോഴത്തെ സ്ഥിരം യാത്ര. ചമ്രവട്ടം റൂട്ടിലെ കെഎസ്ആർടിസിയെ അത്ര പോലും വിശ്വാസമില്ലാതായി.
മുന്നിലെ ബസിൽ തിരക്ക്; പിറകിൽ കാലിയായ ബസ്
ചമ്രവട്ടം റൂട്ടിൽ ഏറെ നേരമായി ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കു മുൻപിലേക്ക് രണ്ടു കെഎസ്ആർടിസി ബസുകൾ ഒരുമിച്ചാണ് എത്തിയത്. മുൻപിൽ ഗുരുവായൂർ–കോഴിക്കോട് ബസും തൊട്ടുപിറകിലായി തിരൂർ–പൊന്നാനി ബസും. മുട്ടിയുരുമ്മി പോകുന്നതുപോലെയായിരുന്നു രണ്ടു ബസിന്റെയും യാത്ര. മുൻപിലെ ബസിൽ നിറയെ യാത്രക്കാരും പിറകിലെ ബസിൽ മിക്ക സീറ്റുകൾ കാലിയും. നൂറുകണക്കിന് യാത്രക്കാർ ദുരിതമനുഭവിക്കുന്ന ചമ്രവട്ടം റൂട്ടിൽ ഏറ്റവും തിരക്കേറിയ സമയങ്ങളിലാണ് കെഎസ്ആർടിസിയുടെ ഇൗ കെടുകാര്യസ്ഥത. മണിക്കൂറുകൾ വഴിയിൽ കാത്തുനിൽക്കുന്ന യാത്രക്കാരുടെ മുൻപിലേക്ക് രണ്ടും മൂന്നും ബസുകൾ ഒരുമിച്ചു വന്ന സാഹചര്യമുണ്ട്.

