Breaking
Wed. Aug 5th, 2026

അർജന്റീന ലോകകപ്പിന് തയാർ, അവസാന സന്നാഹ മത്സരത്തിൽ വമ്പൻ വിജയം, ഗോളടിച്ച് ലയണല്‍ മെസ്സി

ഫിഫ ലോകകപ്പ് സന്നാഹ മത്സരത്തിൽ വമ്പൻ വിജയവുമായി അർജന്റീന. ലോകകപ്പിനു മുൻപുള്ള അവസാന സൗഹൃദ പോരാട്ടത്തിൽ ഐസ്‍ലൻഡിനെതിരെ മറുപടിയില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് അർജന്റീന നേടിയത്. പരുക്കു ഭീഷണി നേരിടുന്ന ഇതിഹാസ താരം ലയണൽ മെസ്സി കളിക്കാൻ ഇറങ്ങുകയും ഗോളടിക്കുകയും ചെയ്തുവെന്നത് അർജന്റീനയ്ക്കു വലിയ ആശ്വാസമാണ്. 72–ാം മിനിറ്റിലായിരുന്നു മെസ്സിയുടെ പെനാൽറ്റി ഗോൾ വന്നത്. എട്ടാം മിനിറ്റിൽ വാലെന്റിൻ ബാർകോ, 86–ാം മിനിറ്റിൽ തിയാഗോ അൽമാഡ എന്നിവരും അർ‍ജന്റീനയ്ക്കുവേണ്ടി ലക്ഷ്യം കണ്ടു.

ടാർഗറ്റിലേക്ക് അർജന്റീന ഏഴു ഷോട്ടുകൾ പായിച്ചപ്പോൾ ഐസ്‍ലൻഡിന്റെ നീക്കം ഒരു ഷോട്ടിലൊതുങ്ങി. പകരക്കാരനായാണ് മെസ്സി കളിക്കാനിറങ്ങിയത്. മെസ്സിക്കു പുറമേ പ്രധാന താരങ്ങളായ റോഡ്രിഗോ ഡിപോള്‍, എൻസോ ഫെർണാണ്ടസ്, ഡി പോൾ തുടങ്ങിയ സുപ്രധാന താരങ്ങള്‍ക്കും ബെഞ്ചിലായിരുന്നു സ്ഥാനം. മത്സരത്തിന്റെ തുടക്കത്തിൽ ലഭിച്ച ഫ്രീകിക്കിനു പിന്നാലെയാണ് അർജന്റീനയുടെ ആദ്യ ഗോളിനു വഴിയൊരുങ്ങിയത്. ഐസ്‍ലൻഡ് ബോക്സിലെ പോരാട്ടത്തിനിടെ ബാർകോ ലക്ഷ്യം കണ്ടു.

ആദ്യ പകുതിയിൽ രണ്ടാമതൊരു ഗോൾ പിറക്കാതിരുന്നതോടെ അർജന്റീന 1–0ന്റെ ലീ‍ഡ് തുടർന്നു. രണ്ടാം പകുതിയിൽ പ്രധാന താരങ്ങളെല്ലാം ഇറങ്ങിയതോടെ പിന്നീട് നിരന്തരം അർജന്റീനയുടെ ആക്രമണങ്ങൾക്കാണ് മൈതാനം സാക്ഷ്യം വഹിച്ചത്. ലൊതാരോ മാർട്ടിനസിനെ ഐസ്‌ലൻഡ് ഗോളി വീഴ്ത്തിയതിന് അനുവദിച്ച പെനാൽറ്റി കിക്കിൽനിന്നായിരുന്നു മെസ്സിയുടെ ഗോളെത്തിയത്. രാജ്യാന്തര തലത്തിൽ മെസ്സിയുടെ 117–ാം ഗോളാണിത്.86–ാം മിനിറ്റിൽ അലക്സിസ് മാക് അലിസ്റ്റർ, മെസ്സി എന്നിവരുടെ പാസുകൾക്കു ശേഷം ഡി പോള്‍ നൽകിയ പന്ത് ലക്ഷ്യത്തിലേക്ക് അടിച്ചുകയറ്റി അൽമാഡ അർജന്റീനയെ 3–0ന് മുന്നിലെത്തിച്ചു. ജൂൺ ആറിന് ഹോണ്ടുറാസിനെതിരായ മത്സരത്തിൽ‌ അർജന്റീന 2–0ന് വിജയിച്ചിരുന്നു. ജൂൺ 17ന് അൾജീരിയയ്ക്കെതിരെയാണ് അർജന്റീനയുടെ ആദ്യ ലോകകപ്പ് പോരാട്ടം. 22ന് ഓസ്ട്രിയയോടും 28ന് ജോര്‍ദാനോടും അർജന്റീനയ്ക്കു മത്സരങ്ങളുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *