പൊന്നാനി : പുതുപൊന്നാനി ആയുർവേദ ആശുപത്രി കെട്ടിടനിർമാണത്തിന്റെ മണ്ണ് പരിശോധന തുടങ്ങി. മണ്ണ് പരിശോധന രണ്ട് ദിവസംകൊണ്ട് പൂർത്തീകരിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് തയ്യാറാക്കും. തുടർന്ന് കെട്ടിട നിർമാണം ആരംഭിക്കും. ആയുഷ് മിഷനും പൊന്നാനി നഗരസഭയും ഫണ്ട് അനുവദിക്കുകയും ടെൻഡർ ഉൾപ്പെടെ പൂർത്തീകരിക്കുകയും ചെയ്തിരുന്നു. ആയുഷ് മിഷന്റെ ഒരു കോടി രൂപയും നഗരസഭയുടെ 1.25 കോടി രൂപയും ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്.
നഗരസഭയുടെ ഫണ്ട് കൈമാറിയാൽ മാത്രമേ ആയുഷ് മിഷന്റെ ഫണ്ട് ചെലവഴിക്കാനാകൂ എന്ന സ്ഥിതിയിലായിരുന്നു കാര്യങ്ങൾ. മാസങ്ങൾക്ക് മുൻപ് സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇക്കാര്യത്തിൽ ധനകാര്യവകുപ്പിന്റെ അനുമതി ലഭ്യമാകണമെന്നായിരുന്നു പിന്നീടുള്ള തടസ്സം. മാസങ്ങൾ ഏറെ കഴിഞ്ഞിട്ടാണ് ധനകാര്യവകുപ്പ് അനുമതി നൽകിയത്. ഇതോടെയാണ് മണ്ണ് പരിശോധന ആരംഭിച്ചത്.