Breaking
Wed. Aug 5th, 2026

ഒറ്റവർഷംകൊണ്ട് 7.12 കോടിയുടെ വരുമാന വർധന; എന്നിട്ടും ഈ സ്റ്റേഷനിൽ സ്‌റ്റോപ്പില്ലാതെ ഇരുപതിലേറെ ട്രെയിനുകൾ: കാരണമെന്ത്?

തിരൂർ : 39,03,83,274 രൂപ!. കഴിഞ്ഞ സാമ്പത്തിക വർഷം തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് റെയിൽവേക്കു ലഭിച്ച വരുമാനമാണിത്. 85,39,910 യാത്രക്കാരാണ് ഇവിടെ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം യാത്ര ചെയ്തത്. ഒരു വർഷം കൊണ്ട് സ്റ്റേഷനിൽ നിന്നുണ്ടായ വരുമാന വർധന 7,12,69,313 രൂപയാണ്. ഇനി പറയൂ, ഇവിടെ രാജധാനിയും ഒന്നാം വന്ദേഭാരതും അടക്കമുള്ള ട്രെയിനുകൾ നിർത്താനെന്താണു തടസ്സം?. ഇവിടെ നിന്ന് യാത്രക്കാർ കയറുന്ന ഡൽഹിയിലേ ക്കുള്ള മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ പലപ്പോഴും ടിക്കറ്റ് ലഭിക്കാറില്ല. പകരം ഇവിടെയുള്ളവർ കോഴിക്കോടും ഷൊർണൂരിലുമെത്തി രാജധാനിയിൽ കയറി പോകേണ്ട ഗതികേടിലാണ്.

അയൽ ജില്ലകളിൽ നിന്നു ട്രെയിനിൽ കയറുന്നവരുടെ വിലാസം പരിശോധിച്ചാൽ റെയിൽവേ ക്ക് ഇക്കാര്യം വ്യക്തമാകും. ഒന്നാം വന്ദേഭാരത് (20633) ഓടുന്നതും ഇങ്ങനെ തന്നെ. രണ്ടാം വന്ദേഭാരത് (20631) തിരൂരിൽ നിർത്തി ആളെയെടുത്തു പോകുമ്പോഴാണ് ഒന്നാം വന്ദേഭാരത് നിർത്താതെ പോകുന്നത്. ഇതുപോലെ ഇരുപതിലേറെ ട്രെയിനുകളാണ് തിരൂരിനെ, മലപ്പുറം ജില്ലയെ അവഗണിച്ച് ഓടുന്നത്. യാത്രക്കാരില്ലാത്തു കൊണ്ടല്ല, റെയിൽവേ സ്റ്റേഷനിൽ സൗകര്യങ്ങളില്ലാത്തതു കൊണ്ടല്ല, പിന്നെയോ?. ആ കാരണം ആർക്കുമറിയില്ല!. ജനപ്രതിനിധി കളുടെ കാര്യമായ ഇടപെടൽ അടിയന്തരമായി ഈ വിഷയത്തിൽ വേണം. കഴിഞ്ഞ സോണൽ റെയിൽ‍ യൂസേഴ്സ് കൺസൽറ്റേറ്റീവ് കമ്മിറ്റിയിൽ ഇക്കാര്യം ചർച്ചയായിരുന്നു.

നിലയ്ക്കാത്ത നവീകരണം
 അമൃത് ഭാരത് പദ്ധതിയിലൂടെയുള്ള തിരൂരിലെ നവീകരണം ഇനിയും പൂർത്തിയായിട്ടില്ല. 18 കോടി രൂപയുടെ നവീകരണമാണ് ഇവിടെ നടത്തുന്നത്. 2023 ഓഗസ്റ്റിൽ തുടങ്ങിയ പണിയാണ്. ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. പ്ലാറ്റ്ഫോം ഉയർത്തുകയും ഷെൽറ്റർ സ്ഥാപിക്കുകയും ലിഫ്റ്റും എസ്കലേറ്ററും തയാറാക്കുകയും വലിയ വാഹന പാർക്കിങ് സൗകര്യം കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഇതിൽ പാർക്കിങ് നടത്തുന്നതിലൂടെ വൻ വരുമാനം റെയിൽവേക്കു ലഭിക്കുന്നുണ്ട്. ബാക്കി പണികൾ പൂർത്തിയാക്കാനുള്ള താമസമെന്തെന്ന് ഇതുവരെ വ്യക്തമല്ല.

വരുന്നോ പുതിയ ട്രെയിൻ?
 വൈകിട്ട് കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രാക്ലേശം രൂക്ഷമാണ്. കോവിഡ് കാലത്ത് ഇതുവഴിയുള്ള 2 ട്രെയിനുകൾ കോറിഡോർ മെയ്ന്റനൻസിന്റെ പേരിൽ നിർത്തിയതോടെയാണ് ഈ യാത്രാക്ലേശം തുടങ്ങിയത്. തൃശൂർ – കോഴിക്കോട്, ഷൊർണൂർ – കോഴിക്കോട് പാസഞ്ചറു കളാണ് നിർത്തിയത്. നിലവിൽ വൈകിട്ട് 4.15ന് പുറപ്പെടുന്ന കണ്ണൂർ എക്സ്പ്രസ് പോയാൽ പിന്നെയുള്ളത് രാത്രി 8.00ന് ഷൊർണൂരിൽ നിന്നെടുക്കുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസാണ്. ഇതാണെങ്കിൽ പലപ്പോഴും വന്ദേഭാരതിനായി പിടിച്ചിടും.  കഴിഞ്ഞ ദിവസം ചേർന്ന ഡിവിഷനൽ റെയിൽ യൂസേഴ്സ് കൺസൽറ്റേറ്റീവ് കമ്മിറ്റി യോഗത്തിൽ ചർച്ചയായി. തുടർന്ന് പുതിയ ട്രെയിൻ അനുവദിക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. 5ന് മുൻപായി ഷൊർണൂരിൽ നിന്നെടുക്കുന്ന തരത്തിലായിരിക്കും പുതിയ ട്രെയിൻ ഓടിക്കുക.

Related Post

Leave a Reply

Your email address will not be published. Required fields are marked *