കോട്ടപ്പടി മുനിസിപ്പൽ ബസ്‍സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഫ്രൻഡ്സ് ജനസേവന കേന്ദ്രം അടച്ചു പൂട്ടിയിട്ട് ഏഴ് മാസം. സേവന കേന്ദ്രം പ്രവർത്തനം നിർത്തിയെങ്കിലും മുറികൾ ഇതുവരെ നഗരസഭയ്ക്കു വിട്ടുനൽകിയിട്ടില്ല. ഐടി മിഷനു കീഴിലാണു ഫ്രൻഡ്സ് ജനസേവന കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ നവംബർ പത്തിനാണു സേവനകേന്ദ്രം നിർത്തിയത്. ഇവിടെ ഉണ്ടായിരുന്ന റെയിൽവേയുടെ ഓൺലൈൻ ബുക്കിങ് കേന്ദ്രം 2025 മാർച്ചിൽ പ്രവർത്തനം നിർത്തിയിരുന്നു. ഇവ രണ്ടും പ്രവർത്തനം നിർത്തിയതോടെ ഈ മുറികൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. 2000ത്തിലാണു മലപ്പുറം കോട്ടപ്പടി ബസ്‍സ്റ്റാൻഡ് കെട്ടിടത്തിൽ ജനസേവന കേന്ദ്രം പ്രവർത്തനം തുടങ്ങിയത്. പൊതുജനങ്ങൾക്കു വിവിധ സർക്കാർ ഓഫിസുകൾ, തദ്ദേശസ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ അടക്കമുള്ള മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെ ബില്ലുകൾ സർവീസ് ചാർജ് ഈടാക്കാതെ ഒറ്റയിടത്ത് അടയ്ക്കുന്നതിനുള്ള സൗകര്യത്തിനാണു ജില്ലാതലങ്ങളിൽ ഫ്രൻഡ്സ് ജനസേവന കേന്ദ്രം തുറന്നത്. തുടക്കത്തിൽ ഒട്ടേറെ കൗണ്ടറുകളും ഓരോ വകുപ്പിലെയും ജീവനക്കാർ അടക്കമുണ്ടായിരുന്നു കേന്ദ്രത്തിൽ ദിവസവും ലക്ഷക്കണക്കിനു ബില്ലുകളാണു സ്വീകരിച്ചിരുന്നത്.
സർവകലാശാലകൾ, മോട്ടർവാഹന ക്ഷേമനിധി, ജലഅതോറിറ്റി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവിടങ്ങളിലെ ബില്ലുകളായിരുന്നു അവസാനം ഇവിടെ സ്വീകരിച്ചിരുന്നത്. ഓരോ വകുപ്പുകളിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം നിലവിൽ വന്നതോടെ ഇവിടെ ജോലി ചെയ്തിരുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാരെ തിരികെ വിളിക്കുകയായിരുന്നു. ഇതോടെയാണു ജനസേവന കേന്ദ്രം അടച്ചുപൂട്ടിയത്.
റെയിൽവേ ബുക്കിങ് കേന്ദ്രം വരുമാന കുറവു ചൂണ്ടിക്കാട്ടിയാണു സേവനം അവസാനിപ്പിച്ചത്. റെയിൽവേ ബുക്കിങ് കേന്ദ്രം പുനഃസ്ഥാപിക്കാൻ നടപടിയെടുക്കുമെന്നു മുൻ നഗരസഭാധ്യക്ഷൻ മുജീബ് കാടേരി പറഞ്ഞിരുന്നു. ഇതിനായി പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജറുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും തുടർ നടപടിയുണ്ടായില്ല. അതേസമയം നഗരസഭയ്ക്കു വരുമാനം ലഭിക്കുന്ന മുറികളാണു മാസങ്ങളായി പൂട്ടിയിട്ടിരിക്കുന്നത്. സേവനകേന്ദ്രത്തിന്റെ സാമഗ്രികൾ നീക്കം ചെയ്ത് ഇവ നഗരസഭയ്ക്കു കൈമാറാത്തതിനാൽ ഈയിനത്തിൽ നഗരസഭയ്ക്കും വരുമാനനഷ്ടമാണു വരുത്തുന്നത്.

