ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങും മുൻപേ ബ്രസീലിനു തിരിച്ചടി. സൂപ്പർ താരം നെയ്മാർക്ക് ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും നഷ്ടമായേക്കുമെന്ന് കോച്ച് കാർലോ ആഞ്ചലോട്ടി സൂചന നൽകി. 3 വർഷമായി ഫോം കണ്ടെത്താൻ വിഷമിക്കുന്ന നെയ്മാറിനു പരുക്കുമൂലം ആദ്യ മത്സരം പൂർണമായും നഷ്ടമാകുമെന്ന് നേരത്തെ ഉറപ്പായിരുന്നു. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ ബാക്കി രണ്ടു മത്സരങ്ങളിലും നെയ്‌മാർ കളിക്കില്ലെന്നാണ് വിവരം. നെയ്മാർ സുഖം പ്രാപിച്ചുവരുന്നുണ്ടെന്നും എന്നാൽ ടീമിലേക്ക് തിരിച്ചെത്താറിയില്ലെന്നും ആഞ്ചലോട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആറാം ലോകകിരീടം തേടിയെത്തുന്ന ബ്രസീൽ. കഴിഞ്ഞ ലോകകപ്പിലെ ജയന്റ് കില്ലർമാരായ മൊറോക്കോ. ന്യൂജഴ്സി സ്റ്റേഡിയത്തിൽ നാളെ പുലർച്ചെ 3.30നു നടക്കുന്ന ഗ്രൂപ്പ് സി പോരാട്ടത്തിൽ തീപാറുമെന്നുറപ്പ്. ഖത്തർ ലോകകപ്പിനുശേഷം പ്രതിസന്ധികളും വെല്ലുവിളികളുമേറെ പിന്നിട്ടാണ് ഇരുടീമുകളും എത്തിയിരിക്കുന്നത്. ഇതിഹാസ പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ ശിക്ഷണത്തിലറങ്ങുന്ന ബ്രസീലിനു പരുക്കേറ്റ താരങ്ങളുടെ നീണ്ടനിര വലിയ തലവേദനയാണ്. മൊറോക്കോയും വലിയ വിവാദങ്ങൾക്കും മാറ്റങ്ങൾക്കും ശേഷമാണ് അമേരിക്കയിലെത്തിയിരിക്കുന്നത്.
മുഖ്യതാരങ്ങളായ റോഡ്രിഗോ, എസ്റ്റെവാവോ വിലിയൻ, എഡർ മിലിറ്റാവോ, വെസ്‌ലി എന്നിവർ പരുക്കേറ്റു പുറത്തായതും തിരിച്ചടിയാണ്. പ്രതിരോധത്തിൽ മാർക്വിഞ്ഞോസ്– ഗബ്രിയേൽ മഗല്യസ് സഖ്യത്തിൽ ആഞ്ചലോട്ടി വിശ്വാസമർപ്പിക്കുന്നു. റൈറ്റ്ബാക്ക് പൊസിഷനിൽ ഡാനിലോയെയോ ഇബാനെസിനെയോ പരീക്ഷിച്ചേക്കും. മുന്നേറ്റ നിരയിൽ വിനീസ്യൂസ് ജൂനിയറിലാണ് മുഴുവൻ പ്രതീക്ഷയും.സെനഗൽ ടീം മൈതാനം വിട്ടുപോയതിനെത്തുടർന്ന് വിവാദത്തിന്റെ അകമ്പോടിയോടെ ആഫ്രിക്കൻ നേഷൻസ് കപ്പ് സ്വന്തമാക്കിയാണ് മൊറോക്കോ വരുന്നത്. ലോകകപ്പിന് മൂന്നു മാസം മുൻപ് പരിശീലകൻ വാലിദ് റെഗ്റാഗി രാജിവെച്ചതിനെത്തുടർന്ന്, അണ്ടർ 20 ടീമിനെ ലോക ചാംപ്യന്മാരാക്കിയ മുഹമ്മദ് വാഹ്ബിയാണ് ഇപ്പോൾ സീനിയർ ടീമിന്റെ പരിശീലകൻ. നോർവേയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ പരുക്കേറ്റ നയെഫ് അഗേർദിനെയും അബ്ദെ എസാൽ സൂലിയെയും ടീമിൽനിന്ന് ഒഴിവാക്കേണ്ടി വന്നത് മൊറോക്കോയ്ക്കു ക്ഷീണമാണ്.

