Breaking
Sat. Jun 13th, 2026

ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി തിങ്കളാഴ്ചമുതൽ ഓർഡിനറി കെ.എസ്.ആർ.ടി.സി. ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമ്പോൾ ജില്ലയിൽ ഈ സൗകര്യം ലഭിക്കുക 86 വണ്ടികളിൽ. മലപ്പുറം, നിലമ്പൂർ, പെരിന്തൽമണ്ണ, പൊന്നാനി ഡിപ്പോകളിലായാണ് ഇത്രയും ബസ്സുള്ളത്. ഇതിൽ മൂന്നെണ്ണം ഗ്രാമവണ്ടികളാണ്. പൊന്നാനിയിൽ രണ്ടും മലപ്പുറത്ത് ഒന്നും ഗ്രാമവണ്ടികളാണുള്ളത്.മലപ്പുറത്ത് 24, നിലമ്പൂരിൽ 18, പെരിന്തൽമണ്ണയിൽ 23, പൊന്നാനിയിൽ 18 എന്നിങ്ങനെയാണ് ഓർഡിനറി ബസ്സുകളുള്ളത്. ഇതിൽ ഓരോന്നും ഒന്നിൽക്കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട്. എന്നാലും മൊത്തം ഓർഡിനറി സർവീസുകൾ ജില്ലയിൽ 150-ൽ താഴെമാത്രമാണ്. ഇതിലധികവും നഗരങ്ങളിലൂടെയാണ് സർവീസ് നടത്തുന്നത് എന്ന പ്രശ്നമുണ്ട്. അതുകൊണ്ടുതന്നെ ഗ്രാമീണമേഖലയിലെ സ്ത്രീകൾക്ക് ഇത് എത്രത്തോളം പ്രയോജനപ്പെടുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.

ഗ്രാമീണമേഖലയിലേക്ക് വണ്ടികൾ കുറവ്

ഏറ്റവുമധികം ജനസംഖ്യയുള്ളതും നിയമസഭാമണ്ഡലമുള്ളതുമായ ജില്ലയായിട്ടും കെ.എസ്.ആർ.ടി.സി. സർവീസ് ഏറ്റവും കുറവ് മലപ്പുറത്താണ്. അതിൽത്തന്നെ ഗ്രാമീണമേഖലയിൽ ഒരു സർവീസ്പോലുമില്ലാത്ത എത്രയോ പ്രധാന ടൗണുകളുണ്ട്. തിരൂർ-നിലമ്പൂർ, കോഴിക്കോട്-പാലക്കാട്, തൃശ്ശൂർ- കോഴിക്കോട് സർവീസുകളാണ് അധികവും. ഇതെല്ലാം പ്രധാന നഗരങ്ങളെ മാത്രം ബന്ധിപ്പിക്കുന്നതാണ്.

കടലോര-മലയോര മേഖലകളിലേക്ക് സർവീസുകൾ ഏറെ കുറവാണ്. മലപ്പുറം ടൗണിൽനിന്ന് തിരൂരങ്ങാടി, വേങ്ങര, പരപ്പനങ്ങാടി എന്നിവിടങ്ങളിലേക്ക് സർവീസുകളില്ല. ഇതൊക്കെ ഏറെ തിരക്കുള്ള റൂട്ടുകളുമാണ്. പൊന്നാനി ഡിപ്പോയിൽ മാസം ശരാശരി അഞ്ചുലക്ഷം രൂപ വരുമാനമുണ്ട്. പുതിയ പദ്ധതി വരുന്നതോടെ ഇതിന് എന്തുസംഭവിക്കുമെന്ന ആശങ്കയുണ്ട്. പൊന്നാനിയിൽനിന്ന് മലപ്പുറം, തിരൂർ, ഗുരുവായൂർ, പാലക്കാട് സർവീസുകളാണുള്ളത്. ഇതിൽ പലതും രാവിലെയോ വൈകീട്ടോ മാത്രമാണ് സർവീസ് നടത്തുന്നത്. പെരിന്തൽമണ്ണയിൽനിന്ന് പ്രധാനപ്പെട്ട നഗരങ്ങളിലേക്കൊന്നും കെ.എസ്.ആർ.ടി.സി. സർവീസില്ല. വളാഞ്ചേരി, കോട്ടയ്ക്കൽ, തിരൂർ, കുറ്റിപ്പുറം എന്നിവിടങ്ങളിലേക്ക് ഇവിടെനിന്ന് ധാരാളം യാത്രക്കാരുള്ളതാണ്. ഇവർക്കെല്ലാം സ്വകാര്യ ബസ്സുകൾതന്നെയാണ് ശരണം. പെരിന്തൽമണ്ണയിൽനിന്ന് ഓർഡിനറി വിഭാഗത്തിൽ നാലുബസ്സുകൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ. നിലമ്പൂർ മേഖലയിലാണെങ്കിൽ കോഴിക്കോട്-നാടുകാണി-ഗൂഡല്ലൂർ മേഖലയിലേക്കും വഴിക്കടവ്-മഞ്ചേരി-കോഴിക്കോട്, നിലമ്പൂർ-പെരിന്തൽമണ്ണ റൂട്ടിലേക്കും മാത്രമേ കെ.എസ്.ആർ.ടി.സി. സർവീസ് കാര്യമായി നടക്കുന്നുള്ളൂ. എന്നാൽ ഇതൊന്നും മലയോരമേഖലയിലെ സ്ത്രീകൾക്ക് പ്രയോജനപ്പെടാനിടയില്ല. നിലമ്പൂരിൽനിന്ന് 35 സർവീസുകളാണ് ഇപ്പോൾ നടത്തുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *