Breaking
Thu. Oct 1st, 2026

മോര്‍ഫിങ്, വിവര ചോര്‍ച്ച, പിന്നാലെ കടുത്ത ഭീഷണി; ലോണ്‍ ആപ്പ് തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പൊലീസ്

സമൂഹമാധ്യമങ്ങളും വ്യാജ ലിങ്കുകളും വഴി വായ്പാ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കുരുക്കുന്ന ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പൊലീസ്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ മാധ്യമങ്ങള്‍ വഴിയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകള്‍ എന്നിവയിലൂടെയുമാണ് തട്ടിപ്പുകാർ പ്രധാനമായും ഇരകളെ കണ്ടെത്തുന്നത്.

അംഗീകൃത ആപ്പുകള്‍ പോലെ തോന്നിക്കുന്ന വ്യാജ എ.പി.കെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിച്ചാണ് തട്ടിപ്പിന്റെ തുടക്കം. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വേളയില്‍ തന്നെ ഫോണിലെ കോണ്‍ടാക്റ്റ് വിവരങ്ങള്‍, എസ്.എം.എസ്, കോള്‍ ഡീറ്റെയ്ല്‍സ്, ക്യാമറ, മൈക്രോഫോണ്‍, ലൊക്കേഷന്‍, സ്റ്റോറേജ് തുടങ്ങിയവയുടെ നിയന്ത്രണം തട്ടിപ്പുകാര്‍ സ്വന്തമാക്കുന്നു. തുടര്‍ന്ന് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ആപ്പ് വഴി അപ്‌ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. ലോണ്‍ അപ്രൂവ് ആയെന്ന് കാണിച്ച് വിശ്വാസ്യതയ്ക്കായി ചെറിയ തുക അക്കൗണ്ടിലേക്ക് അയച്ചുനല്‍കിയ ശേഷം, പ്രൊസസിങ് ഫീ, ജി.എസ്.ടി, ഇന്‍ഷുറന്‍സ്, വെരിഫിക്കേഷന്‍ ചാര്‍ജ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയ വിവിധ പേരുകളില്‍ പലതവണയായി വന്‍തുക ഇരകളില്‍ നിന്ന് തട്ടിയെടുക്കുകയാണ് ചെയ്യുന്നത്.

ഇതിനുപുറമേ, ഇരകളുടെ ഫോട്ടോകൾ മോര്‍ഫ് ചെയ്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെടുന്ന പ്രവണതയും ഏറിവരുന്നുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തില്‍ കൈവശപ്പെടുത്തുന്ന കെ.വൈ.സി രേഖകള്‍ ദുരുപയോഗം ചെയ്ത് വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും, പുതിയ സിം കാര്‍ഡുകള്‍ എടുക്കാനും, മറ്റ് വായ്പകള്‍ നേടാനും തട്ടിപ്പുകാര്‍ മുതിരുന്നുണ്ട്.

സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനം കനത്ത ജാഗ്രത പാലിക്കണം. ഗൂഗിള്‍ പ്ലേസ്റ്റോര്‍ അല്ലെങ്കില്‍ ആപ്പ് സ്റ്റോര്‍ വഴിമാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നു മാത്രം വായ്പകള്‍ സ്വീകരിക്കുക. എ.പി.കെ ലിങ്കുകള്‍ വഴി ലഭിക്കുന്ന ആപ്പുകള്‍ ഒരു കാരണവശാലും ഇന്‍സ്റ്റാള്‍ ചെയ്യരുത്. വായ്പ നല്‍കാന്‍ മുന്‍കൂര്‍ പണം ആവശ്യപ്പെടുന്ന സ്ഥാപനങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കണം. ആധാര്‍, പാന്‍ കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി, യു.പി.ഐ പിന്‍, സി.വി.വി തുടങ്ങിയ രഹസ്യ വിവരങ്ങള്‍ അപരിചിതരുമായി യാതൊരു കാരണവശാലും പങ്കുവെക്കരുതെന്നും പൊലീസ് ഓര്‍മ്മിപ്പിച്ചു.

ഏതെങ്കിലും തരത്തിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ നഷ്ടം സംഭവിച്ച ഉടൻതന്നെ 1930 എന്ന സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴിയോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *