Breaking
Wed. Jul 29th, 2026

പൊന്നാനി കപ്പൽ നിർമാണ ശാല നിർമാണം അതിവേഗം; അടുത്തമാസം തന്നെ ഓഫിസ് പ്രവർത്തനം തുടങ്ങും

പൊന്നാനി : കപ്പൽ നിർമാണശാല വന്നാൽ അഴിമുഖം ആധുനിക കാഴ്ചയാകും. പൊന്നാനി ലൈറ്റ് ഹൗസിനു സമീപത്തെ തീരപ്രദേശം മുതൽ വടക്ക് പുലിമുട്ടിന്റെ അഗ്രഭാഗം വരെ ഉപയോഗപ്പെടുത്തി കപ്പൽ നിർമാണകേന്ദ്രം ഒരുക്കാനാണ് നീക്കം. ഇതിനായി 29 ഏക്കർ ഭൂമി നിർമാണ കമ്പനിക്കു നൽകാമെന്നാണ് സർക്കാർ ധാരണയിലെത്തിയിരിക്കുന്നത്. അടുത്തമാസംതന്നെ ഓഫിസ് പ്രവർത്തനം തുടങ്ങാനാണ് കമ്പനി അധികൃതർ ആസൂത്രണം ചെയ്തിരിക്കുന്നത്. അതിവേഗം നിർമാണം പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലുള്ള അത്യാധുനിക നിർമാണ രീതിയിലാണ് ഓഫിസും അനുബന്ധ സൗകര്യങ്ങളും ഒരുക്കുക.

പദ്ധതി ഇങ്ങനെ

ജങ്കാർ റോഡ് കടലോരത്തേക്കു വന്നുനിൽക്കുന്ന ഭാഗം മുതലാണ് കപ്പൽ നിർമാണകേന്ദ്രം തുടങ്ങുക. ഇൗ ഭാഗത്തു ഗേറ്റ് ഹൗസ് ഉണ്ടാകും. പ്രധാന കവാടം കടന്ന് അകത്തേക്കു കയറിച്ചെല്ലുന്നത് അഡ്മിൻ ബ്ലോക്കിലേക്കാണ്. അതുകഴിഞ്ഞാൽ നിർമാണ സാമഗ്രികൾ സൂക്ഷിച്ചുവയ്ക്കുന്നതിനുള്ള വെയർ ഹൗസ്, തൊട്ടടുത്ത വലിയ ബ്ലോക്കിൽ സ്റ്റീൽ കട്ടിങ്, പാനലുകൾ ഘടിപ്പിക്കുന്ന ഭാഗം, മെഷീൻ ഷോപ്പ്, പൈപ്പ് ഷോപ്പ് എന്നിവയും. ഇതിനു തൊട്ടടുത്തായിതന്നെ പഴയ ജങ്കാർ ജെട്ടിക്കു സമീപത്തായി കപ്പലുകൾ പുഴയിലേക്ക് ഇറക്കിനിർമിക്കുന്നതിനായുള്ള സ്ലിപ് വേ, ഇതിന്റെ മുൻവശത്ത് ഓപ്പൺ സ്റ്റോറേജിനും നിർമാണത്തിനുമുള്ള സൗകര്യവുമുണ്ടാകും. ഇത്രയും ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഒന്നാംഘട്ടത്തിലുള്ള യാനങ്ങളുടെ നിർമാണം നടക്കുക.

കപ്പലൊരുങ്ങുന്നത് പുലിമുട്ടിനടുത്ത്
പഴയ ജങ്കാർ ജെട്ടി കഴിഞ്ഞുള്ള നിലവിലെ പുലിമുട്ട് തുടങ്ങുന്ന ഭാഗത്താണ് കപ്പൽ നിർമാണത്തിനായുള്ള പ്രധാന സൗകര്യങ്ങൾ ഒരുക്കുന്നത്. ഇവിടെ കവേഡ് ഫാബ്രിക്കേഷൻ ഏരിയയുണ്ടാകും. നിർമാണകേന്ദ്രത്തിലെ ഏറ്റവും പ്രധാന ഭാഗം കൂടിയായിരിക്കും ഇത്. ഇതിനു തൊട്ടുമുൻപിലായി പുഴയിലേക്ക് ഇറക്കി നിർമാണം നടത്തുന്നതിനുള്ള രണ്ടാമത്തെ സ്ലിപ് വേയുണ്ടാകും. 120 മീറ്റർ നീളവും 35 മീറ്റർ വീതിയുമുള്ള ഇൗ സ്ലിപ്‌വേയിൽ വച്ചാണ് കപ്പലുകളുടെ നിർമാണം നടത്തുക. 120 മീറ്റർ വരെ നീളത്തിലുള്ള കപ്പൽ നിർമിക്കാൻ കഴിയുമെന്നാണ് നിർമാണ കമ്പനി അവകാശപ്പെടുന്നത്. ഇതിനു പടിഞ്ഞാറുഭാഗത്തായാണ് സൈറ്റ് ഓഫിസ് വിഭാവനം ചെയ്തിരിക്കുന്നത്.

കടലിന് അഭിമുഖമായും നിർമാണകേന്ദ്രങ്ങൾ
നിലവിലെ ജങ്കാർ റോഡിന്റെ ഇരുവശങ്ങളും പൂർ‍ണമായി പ്രയോജനപ്പെടുത്തിയാണ് കപ്പൽ നിർമാണശാലയൊരുക്കുന്നത്. പുഴയോടു ചേർന്നുള്ള ഭാഗത്താണ് പ്രധാന നിർമാണകേന്ദ്രങ്ങളുള്ളത്. കടലിനോടു ചേർന്നുള്ള ഭാഗത്തു സ്റ്റോറേജ് ഏരിയ, വേസ്റ്റ് സ്റ്റോറേജ് ഏരിയ, ഫാബ്രിക്കേഷൻ ഓപ്പൺ ബ്ലോക്ക്, പെയ്ന്റിങ് ഷോപ്പ് എന്നിവയുണ്ടാകും. നിലവിലെ ജങ്കാർ റോഡ് പുതുക്കിപ്പണിയുന്നതിനു പുറമേ നിർമാണ കോംപ്ലക്സിനുള്ളിലും അപ്രോച്ച് റോഡുകൾ നിർമിക്കും.

കരാ‍ർ ഒപ്പുവച്ചത് മേയ് 18ന്
കപ്പൽ നിർമാണ കമ്പനിയുമായി മാരിടൈം ബോർഡ് കരാർ ഒപ്പു വയ്ക്കുന്നത് മേയ് 18ന്. ഇതിനുശേഷമാണ് തുടർന്നുള്ള ഓഫിസ് നടപടികളിലേക്കു കടക്കുന്നത്. നിർമാണ കമ്പനിക്കു പദ്ധതിപ്രദേശത്തു താൽക്കാലിക സൈറ്റ് ഓഫിസ് തുടങ്ങുന്നതിന് അഞ്ചു ദിവസം മുൻപാണ് മാരിടൈം ബോർഡ് അനുമതി നൽകുന്നത്. ഇതനുസരിച്ച് അടുത്തമാസം താൽക്കാലിക പോർട്ടബിൾ സൈറ്റ് ഓഫിസ് പദ്ധതി പ്രദേശത്ത് തുടങ്ങാനാണ് നിർമാണ കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *