Breaking
Wed. Jul 29th, 2026

ഹാർദിക്കിനെ കിട്ടാൻ വേണമെങ്കിൽ സ്വന്തം ക്യാപ്റ്റനെ തരാം, ഒപ്പം മറ്റൊരു യുവതാരത്തെയും: പുതിയ ടീം രംഗത്ത്; ചെന്നൈ പിന്മാറുന്നു?

ഐപിഎൽ സീസൺ തുടങ്ങാൻ ഇനിയും മാസങ്ങൾ ബാക്കിയുണ്ടെങ്കിലും ഐപിഎലിലെ കൈമാറ്റ ചർച്ചകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയം. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീം വിടുമെന്ന അഭ്യൂഹമാണ് ഇതിൽ പ്രധാനം. ഹാർദിക്കിനെ ടീമിലത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ശ്രമിക്കുന്നതായും ഇരു ഫ്രാഞ്ചൈസികളും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണെന്നും കഴിഞ്ഞദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഹാർദിക്കിനു വേണ്ടി ഇപ്പോൾ മറ്റൊരു ഫ്രഞ്ചൈസി കൂടി രംഗത്തെത്തിയിരിക്കുകയാണെന്നാണ് പുതിയ വിവരം. ഡൽഹി ക്യാപിറ്റൽസാണ് ഹാർദിക്കിനു വേണ്ടി ശ്രമം നടത്തുന്നത്.

ഐപിഎൽ ചരിത്രത്തിൽ ഇതുവരെ കിരീടം നേടാൻ സാധിക്കാത്ത ടീമുകളിലൊന്നായ ഡൽഹി, സൂൂപ്പർതാരത്തെ ടീമിലെത്തിച്ചത് ടീം ഉടച്ചുവാർക്കാൻ ശ്രമിക്കുന്നതായാണ് വിവരം. കഴിഞ്ഞ മാസം, മുൻ ക്യാപ്റ്റൻ ഋഷഭ് പന്തിനെ ‍ഡൽഹി തിരികെ ടീമിലെത്തിച്ചിരുന്നു. സ്പിന്നർ കുൽദീപ് യാദവിനെ ലക്നൗ സൂപ്പർ ജയന്റ്സിന് കൈമാറിയാണ് പന്തിനെ ഡൽഹി ടീമിലെത്തിച്ചത്. ഇതിനു പിന്നാലെയാണ് ഹാർദിക്കിനു വേണ്ടിയുള്ള ശ്രമം.

റിപ്പോർട്ടുകൾ പ്രകാരം, ഹാർദിക് പാണ്ഡ്യയ്ക്ക് പകരമായി തങ്ങളുടെ ക്യാപ്റ്റൻ അക്ഷർ പട്ടേലിനെയും പൃഥ്വി ഷായെയും ട്രേഡ് വിൻഡോയിലൂടെ നൽകാൻ ഡൽഹി ക്യാപിറ്റൽസ് തയാറാണ്. ഹാർദിക്കിന്റെ വരവ് ടീമിന് ഒരു മികച്ച ഓൾറൗണ്ടറെ നൽകുന്നതിനൊപ്പം ക്യാപ്റ്റൻസി പാനലിന് കൂടുതൽ കരുത്താകുമെന്നും ഡൽഹി കരുതുന്നു. ഈ ട്രേഡ് മുംബൈ ഇന്ത്യൻസിനും മികച്ചതാണെന്നാണ് വിലയിരുത്തൽ. ക്രുനാൽ പാണ്ഡ്യ ടീം വിട്ടതിനുശേഷം മികച്ചൊരു സ്പിൻ ബോളിങ് ഓൾറൗണ്ടറെ മുംബൈ തിരയുകയായിരുന്നു. അക്ഷർ പട്ടേൽ ഈ സ്ലോട്ടിൽ കൃത്യമായി ഇണങ്ങുന്ന താരം മാത്രമല്ല, ലോവർ ഓർഡറിൽ വിശ്വസിക്കാവുന്ന ഒരു ബാറ്റർ കൂടിയാണ്.

സാമ്പത്തിക വശം നോക്കിയാലും ഈ ഇടപാട് ഇരു ടീമുകൾക്കും വലിയ നഷ്ടമില്ല. നിലവിൽ മുംബൈ ഇന്ത്യൻസിൽ ഹാർദിക്കിന്റെ പ്രതിഫലം 16.35 കോടി രൂപയാണ്. ഡൽഹി ക്യാപിറ്റൽസിൽ അക്ഷറിന്റേത് 16.50 കോടിയും. അതിനാൽ ശമ്പളത്തിന്റെ കാര്യത്തിൽ ഇരു ടീമുകൾക്കും വലിയ പ്രശ്നമുണ്ടാകില്ല. എന്നാൽ പൃഥ്വി ഷായെ ടീമിലെടുക്കാൻ മുംബൈ ഇന്ത്യൻസിന് വലിയ താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ടു സീസണുകളിലെയും ഒരു മത്സരത്തിൽ പോലും പൃഥ്വി ഷാ കളിച്ചിട്ടില്ലെന്നതാണ് മുംബൈയ്ക്ക് താരത്തോടുള്ള താല്പര്യക്കുറവിന് കാരണം.

പകരം, കഴിഞ്ഞ സീസണിൽ കളിച്ച യുവതാരം സമീർ റിസ്‌വിയെ ഡൽഹി ക്യാപിറ്റൽസിൽ നിന്നും വിട്ടുനൽകാൻ മുംബൈ ആവശ്യപ്പെട്ടേക്കാം. ടൂർണമെന്റിലെ 9 മത്സരങ്ങളിൽ നിന്ന് 252 റൺസ് അടിച്ചുകൂട്ടിയ റിസ്‌വി തിളങ്ങിയിരുന്നു. ഡൽഹിക്കൊപ്പം ചെന്നൈ സൂപ്പർ കിങ്സും ഹാർദിക് പാണ്ഡ്യയ്ക്കായി മുംബൈ ഇന്ത്യൻസുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഹാർദിക്കിന് പകരമായി ശിവം ദുബെ, ആയുഷ് മാത്രെ എന്നിവരെയും ഒപ്പം വലിയൊരു തുകയും മുംബൈ ആവശ്യപ്പെട്ടതോടെ ഈ നീക്കം പ്രതിസന്ധിയിലായി. മാത്രെയ്ക്കു പകരം ഡെവാൾഡ് ബ്രവിസിനെ നൽകാമെന്നാണ് ചെന്നൈയുടെ നിലപാട്. ഇക്കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *