പൊന്നാനി : ആദ്യഘട്ടത്തിൽ 100 പേർക്ക് നേരിട്ട് തൊഴിൽ, പദ്ധതി മൂന്നാംഘട്ടത്തിലേക്കു കടക്കുമ്പോഴേക്കും 400 പേർക്ക് നേരിട്ട് തൊഴിൽ. അനുബന്ധമായി ഉയരുന്നത് 2500 ലധികം തൊഴിൽ സാധ്യതകൾ. ഇൗ വിധമാണ് പൊന്നാനിയിൽ കപ്പൽ നിർമാണ ശാല തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിർമാണ കമ്പനി മുന്നോട്ടുവയ്ക്കുന്ന തൊഴിൽ സാധ്യതകൾ. മെഷിൻ വർക്‌ഷോപ്പുകൾ, പ്രാദേശിക സബ് കോൺട്രാക്ടർമാർ, ലോഹങ്ങളും മരങ്ങളും കൃത്യതയോടെ മുറിച്ചെടുക്കുന്ന സിഎൻസി മെഷിൻ സംവിധാനങ്ങൾ, പൈപ്പ്, ഒൗട്ട് ഫിറ്റിങ് ഫാബ്രിക്കേഷൻ കടകൾ തുടങ്ങിയവയാണ് നേരിട്ട് പ്രാദേശികമായി ഉയർന്നു വരാൻ സാധ്യതയുള്ള മേഖലകൾ.
മീൻപിടിത്ത ബോട്ടുകൾക്കായി സബ് യൂണിറ്റ്
സംസ്ഥാനത്തെ മീൻപിടിത്ത ബോട്ടുകളുടെ പ്രവർത്തന ക്ഷമത വർധിപ്പിക്കുന്നതിനും ആഴക്കടലിൽ ആധുനിക സംവിധാനങ്ങളോടെ മീൻപിടിത്തം സാധ്യമാക്കുന്നിതനും കപ്പൽ നിർമാണ ശാലയിൽ സബ് യൂണിറ്റ് വരും. സംസ്ഥാനത്തെ മീൻപിടിത്ത മേഖലയുടെ മുന്നേറ്റത്തിന് ഇത് വഴിയൊരുക്കും. ഏറെ പഴക്കം ചെന്ന ബോട്ടുകളാണ് മീൻപിടിത്ത മേഖലയിൽ കാര്യമായി ഉപയോഗിക്കപ്പെടുന്നത്. ഇത് പുനർനിർമിച്ച് കൂടുതൽ സംവിധാനങ്ങൾ ഉറപ്പാക്കുന്ന സൗകര്യമാണ് ഒരുക്കുക. മത്സ്യത്തൊഴിലാളികൾക്ക് വലിയ ബാധ്യതയില്ലാതെ നിലവിലുള്ള ബോട്ടുകൾ ആധുനികവൽക്കരിക്കാൻ കഴിയും. നിലവിൽ പരിമിതമായ സാഹചര്യങ്ങളിലാണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഇതോടൊപ്പം അത്യാധുനിക ബോട്ടുകൾ വികസിപ്പിച്ചെടുക്കാൻ ലക്ഷ്യമിടുന്നതായും കമ്പനി അധികൃതർ അറിയിച്ചു.
കപ്പലുകൾക്ക് നങ്കൂരമിടാനുള്ള വാർഫ്
കപ്പൽ നിർമാണശാലയുമായി ബന്ധപ്പെട്ട് രണ്ട് വാർഫുകൾ പൊന്നാനി തുറമുഖത്തു വിഭാവനം ചെയ്യുന്നുണ്ട്. ആദ്യഘട്ടത്തിൽ 40 മീറ്റർ നീളത്തിലുള്ള വാർഫും രണ്ടാംഘട്ടത്തിൽ 100 മീറ്റർ നീളത്തിലുള്ള വാർഫുമാണ് വിഭാവനം ചെയ്യുന്നത്. രണ്ടും പുഴയോടു ചേർന്നായിരിക്കും നിർമിക്കുക. നിർമാണം പൂർത്തിയാക്കുന്ന യാനങ്ങൾ നിർത്തിയിടുന്നതിനാണ് വാർഫുകൾ നിർമിക്കുന്നത്.
നടപടിക്രമങ്ങൾ എവിടെയെത്തി?
കപ്പൽ നിർമാണ ശാല കമ്പനിക്ക് പൊന്നാനി തുറമുഖത്ത് സൈറ്റ് ഓഫിസ് തുടങ്ങാൻ അനുമതി ലഭിക്കുന്നത് ഇൗ മാസം 24ന് ആണ്. ആറു ദിവസം മുൻപ് ലഭിച്ച ഇൗ അനുമതിയുടെ അടിസ്ഥാനത്തിലാണ് കരാർ കമ്പനി സൈറ്റ് ഓഫിസ് തുടങ്ങാനുള്ള നടപടികളിലേക്കു കടന്നിരിക്കുന്നത്. പുതിയ സർക്കാർ വന്നതിനു ശേഷം കപ്പൽ നിർമാണ ശാല പദ്ധതിയുമായി ബന്ധപ്പെട്ട് നീക്കം നടന്നിട്ടില്ലെന്ന വാദം ഉയർന്നിരുന്നു. മേയ് 18ന് ആണ് സ്വകാര്യ കമ്പനിയുമായി സർക്കാർ കരാർ ഒപ്പുവയ്ക്കുന്നത്. ഇതിനു ശേഷം 2 മാസം കഴിഞ്ഞാണ് സൈറ്റ് ഓഫിസ് തുടങ്ങാനുള്ള അനുമതി ലഭിച്ചത്.
കപ്പൽ നിർമാണശാല പ്രവർത്തിപ്പിക്കുന്നതിനായി അഴിമുഖത്തെ ഭൂമി ഉപയോഗിക്കുന്നതിന് നിർമാണ കമ്പനിക്ക് അനുമതി ലഭിച്ചു. വർക്‌ഷോപ്പിന്റെയും അനുബന്ധ കെട്ടിടങ്ങളുടെയും രൂപരേഖയെ അടിസ്ഥാനമാക്കിയുള്ള അഗ്നിരക്ഷാ വിഭാഗം, വൈദ്യുതി വകുപ്പ്, ഭൂഗർഭ ജല അതോറിറ്റി എന്നിവയിൽനിന്നുള്ള എൻഒസി ലഭിച്ചു. സിആർസെഡ് അനുമതിക്കായി അപേക്ഷിക്കുന്നതിനുള്ള നഗരസഭാ എൻഒസിയും കഴിഞ്ഞ ആഴ്ച ലഭിച്ചു.

