പൊന്നാനി ∙ ഉദ്ഘാടന ദിവസം നാട്ടുകാരെയും ബന്ധുക്കളെയും കയറ്റി കടലിലേക്ക് ഉല്ലാസയാത്ര നടത്തിയ മീൻപിടിത്ത ഇൻ ബോർഡ് വള്ളത്തിന് ഫിഷറീസ് വകുപ്പ് 2 ലക്ഷം രൂപ പിഴ ചുമത്തി. താനൂർ സ്വദേശി കുഞ്ഞായന്റെ പുരയ്ക്കൽ സുബൈറിന്റെ ഉടമസ്ഥതയിലുള്ള ‘ഖൈറാത്ത്’ എന്ന വള്ളത്തിനാണ് പിഴ. ബന്ധുക്കളെയും നാട്ടുകാരെയും ഉൾപ്പെടുത്തി 2 തവണകളിലായി കടലിൽ ഉല്ലാസ യാത്ര നടത്തിയെന്നാണ് ഫിഷറീസ് വകുപ്പ് കണ്ടെത്തിയത്.
ഓരോ തവണയും കയറ്റാവുന്നതിലധികം യാത്രക്കാരെ ലൈഫ് ജാക്കറ്റുപോലുമില്ലാതെ വള്ളത്തിലേക്ക് കയറ്റി നിർത്തിയിട്ടുണ്ട്. കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ അപകടകരമായ സാഹചര്യത്തിലാണ് കടലിലേക്ക് യാത്ര നടത്തിയത്. മീൻപിടിത്ത യാനങ്ങളിൽ ഉല്ലാസ യാത്ര നടത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും വൻ തുക പിഴയടയ്ക്കേണ്ടി വരുമെന്നും ഫിഷറീസ് അസി. ഡയറക്ടർ ടി.ആർ.രാജേഷ് അറിയിച്ചു.