കുറ്റിപ്പുറം : പഞ്ചായത്ത് ബസ് സ്റ്റാൻഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിനുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കൽ വൈകുന്നു. പദ്ധതിയുടെ ഡിപിആർ തയാറാക്കുന്ന ഊരാളുങ്കൽ സൊസൈറ്റിക്ക് പഞ്ചായത്തിൽ നിന്ന് ഡിസൈൻ അംഗീകരിച്ചു കിട്ടാത്തതിനാലാണ് എസ്റ്റിമേറ്റ് നടപടികൾ വൈകുന്നത്. ബസ് സ്റ്റാൻഡ് അടക്കമുള്ള നഗര വികസന പദ്ധതിയുടെ രൂപരേഖ ഏതാനും മാസംമുൻപാണ് ഊരാളുങ്കൽ സൊസൈറ്റി പഞ്ചായത്തിന് കൈമാറിയത്. ഈ ഡിസൈൻ അംഗീകരിച്ച് വിവരം കൈമാറിയാൽ മാത്രമേ ഊരാളുങ്കലിനു പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കാൻ കഴിയൂ. എന്നാൽ ഡിസൈനുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പഞ്ചായത്തിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഊരാളുങ്കൽ സൊസൈറ്റി അധികൃതർ പറയുന്നത്.
ബസ് സ്റ്റാൻഡ് ഡിസൈൻ അംഗീകരിക്കാൻ പ്രത്യേക അജണ്ട പ്രകാരം ഭരണസമിതിയോഗം ചേർന്നെങ്കിലും അംഗീകാരം നൽകാൻ കഴിഞ്ഞിട്ടില്ല. സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്ന ഭാഗത്ത് ചെറിയമാറ്റം വരുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.നസീറ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ചർച്ച ചെയ്യാനായി ഊരാളുങ്കൽ പ്രതിനിധികളെ ക്ഷണിക്കേണ്ടതുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. എന്നാൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. കുറ്റിപ്പുറം ബസ് സ്റ്റാൻഡ് വികസനം വൈകുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഒട്ടേറെതവണ തടസ്സപ്പെട്ട പദ്ധതി വേഗത്തിൽ നടപ്പാക്കണം എന്നാവശ്യപ്പെട്ട് വ്യാപാരികളും സ്വകാര്യ ബസ് ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്.