Breaking
Sat. Sep 5th, 2026

നോർക്ക കെയർ പ്ലസ്: അമിത ചാർജ് ഈടാക്കുന്നതിൽ ശ്രദ്ധവേണം

നോർക്കാ ഐ.ഡി കാർഡ് എടുക്കാനായി സർവിസ് സെന്ററുകൾ അമിത ചാർജ് ഈടാക്കുന്നത് സംബന്ധിച്ച് വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. 408 രൂപ മാത്രമാണ് നോർക്ക ഐ.ഡി കാർഡിനായി നോർക്ക റൂട്ട്സ് ഈടാക്കുന്നത്. പ്രവാസികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടാതെ വിവിധ പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഹെൽപ്ഡെസ്കുകളും പ്രവർത്തിക്കുന്നുണ്ട്. അമിത ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത്തരം പ്രവണതകൾ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും നോർക്കാ ജനറൽ മാനേജർ പ്രകാശ് ജോസഫ് അറിയിച്ചു.

പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസി നിർബന്ധമാണോ

നോർക്ക കെയർ പ്ലസ് ഇൻഷുറൻസിൽ ചേരുന്നതിനായി നോർക്ക ഐ.ഡി അപേക്ഷിക്കുമ്പോൾ ‘നോർക്ക പ്രവാസി രക്ഷാ ഇൻഷുറൻസ്’ പോളിസി എടുക്കണമെന്ന് നിർബന്ധമില്ല. ഇത് തികച്ചും വ്യത്യസ്തമായ മറ്റൊരു പദ്ധതിയാണ്. അക്ഷയ കേന്ദ്രങ്ങൾ വഴി നോർക്ക ഐ.ഡി എടുക്കുമ്പോൾ പ്രവാസികളുടെ മുൻകൂറായുള്ള അനുമതിയില്ലാതെ പ്രവാസി രക്ഷാ ഇൻഷുറൻസ് കൂടി ചേർത്ത് പണം ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന്റെ യാതൊരു ആവശ്യവുമില്ല. സൈറ്റിലും നോർക്ക ഐ.ഡിയോടു കൂടി തന്നെ ഇതും കാണാവുന്നതാണ്.നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് വരുന്നതിനുമുമ്പ് അവതരിപ്പിച്ച പ്രവാസി രക്ഷാ പോളിസി, നിർദ്ദിഷ്ട 13 ഗുരുതര രോഗങ്ങൾക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ മാത്രം കവറേജ് നൽകുന്ന ഒന്നാണ്. ഇതിൽ വർഷങ്ങളുടെ വെയിറ്റിങ് പീരിയഡ് ഉണ്ട്. മാത്രമല്ല, നിലവിലുള്ള അസുഖങ്ങൾ മൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് കവറേജ് അനുകൂല്യം ലഭ്യവുമല്ല.

ജി.എസ്.ടി പരിധി എന്തുകൊണ്ട്

നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് ‘ഗ്രൂപ്പ് ഇൻഷുറൻസ്’ (Group Insurance) വിഭാഗത്തിൽ വരുന്നതിനാലാണ് ജി.എസ്.ടി ബാധകമാകുന്നത്.വ്യക്തിഗത ഇൻഷുറൻസ് പോളിസികൾക്ക് മാത്രമാണ് ജി.എസ്.ടിയിൽ നിന്ന് ഇളവുള്ളത്.

യൂനാനി, ആയുർവേദ ചികിത്സകൾ ഇൻഷുറൻസ് പരിധിയിൽ വരുമോ

ആയുർവേദം, യോഗ, നാച്ചുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി (AYUSH) തുടങ്ങിയ ചികിത്സാ രീതികൾ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടും. ഒരു വർഷത്തെ പോളിസി കാലാവധിയിൽ പരമാവധി 50,000 രൂപ വരെ മാത്രമാണ് ആനുകൂല്യം ലഭിക്കുകയുള്ളൂ. സർക്കാർ അംഗീകൃത ആശുപത്രികളിൽ 24 മണിക്കൂറിൽ കുറയാതെയുള്ള കിടത്തി ചികിത്സയ്ക്ക് മാത്രമാണ് കവറേജ് ലഭ്യമാകുക.

നോർക്കാ ആരോഗ്യ ഇൻഷുറൻസ്: പിന്നീട് അവസരം ഉണ്ടാകുമോ

നോർക്ക ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ഇപ്പോൾ അംഗങ്ങളാകാത്തവർക്ക് പിന്നീട് ചേരാൻ അവസരമുണ്ടാകില്ല. പോളിസികൾ കാലാവധി പൂർത്തിയായി പുതുക്കുന്ന സമയത്ത് നിലവിൽ പ്രവാസികളായവർക്ക് പുതുതായി അംഗത്വം നൽകില്ല. എന്നാൽ നിലവിൽ അംഗങ്ങളാകുന്നവർക്ക് ക്ലെയിമുകൾ കണക്കിലെടുക്കാതെ തന്നെ പോളിസി പുതുക്കാനാകും. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കും പുതുക്കൽ സൗകര്യം ലഭ്യമാണ്. അതിനാൽ, താൽപര്യമുള്ളവർ സെപ്റ്റംബർ 18-നകം തന്നെ നോർക്ക കെയർ പ്ലസ് പദ്ധതിയിൽ അംഗങ്ങളാകേണ്ടതാണ്. അതേസമയം, വിവിധ കാരണങ്ങളാൽ നിലവിൽ ചേരാൻ സാധിക്കാത്തവർക്ക് ഈ നിബന്ധന പ്രയാസമുണ്ടാക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *