Breaking
Sat. Sep 5th, 2026

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി. വ്യാജ പ്രവേശന പോര്‍ട്ടലുകളില്‍ വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷകര്‍ക്കും മുന്നറിയിപ്പ് നല്‍കി. കേരള സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ (SDE) എന്ന പേരിലുള്ള വ്യാജ വെബ്സൈറ്റിനെതിരെയാണ് സര്‍വകലാശാല മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകളിലേക്കുള്ള വ്യാജ പ്രവേശന വിജ്ഞാപനങ്ങള്‍ പ്രസിദ്ധീ കരിച്ചിട്ടുള്ള വെബ്സൈറ്റ്, വിദ്യാര്‍ത്ഥികളില്‍ നിന്ന് രജിസ്ട്രേഷനും ഓണ്‍ലൈന്‍ പേയ്മെന്റും സ്വീകരിക്കുന്നുണ്ട്. ഇത് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതിനും സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനുമുള്ള സാധ്യത ഉയര്‍ത്തുന്നതായി സര്‍വകലാശാല അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനധികൃത പോര്‍ട്ടലില്‍ നിന്നുള്ള പ്രവേശന വിജ്ഞാപനങ്ങളോ അപേക്ഷാ ലിങ്കുകളോ പേയ്മെന്റ് ആവശ്യങ്ങളോ വ്യാജമായി കണക്കാക്കണം.

വ്യാജ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ വ്യക്തിഗത, അക്കാദമിക് വിവരങ്ങള്‍ നല്‍കുകയോ രേഖകള്‍ അപ്ലോഡ് ചെയ്യുകയോ ഏതെങ്കിലും തരത്തിലുള്ള പണമിടപാട് നടത്തുകയോ ചെയ്യരുതെന്ന് സര്‍വകലാശാല നിര്‍ദേശിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ക്കോ, വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നതിനോ, പണം അടയ്ക്കുന്നതിനോ മുമ്പ് സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണമെന്നും വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ആവശ്യപ്പെട്ടു.

വ്യാജ വെബ്‌സൈറ്റിനെതിരെ കേരള സർവകലാശാല സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. വ്യാജ വെബ്‌സൈറ്റിലൂടെ വിവരങ്ങൾ നൽകിയവരും പണം അടച്ചവരും തങ്ങളുടെ വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ സുരക്ഷിതമാക്കണം. അടിയന്തര നടപടികൾ സ്വീകരിക്കുകയും, വിവരം സർവകലാശാലയെയും ബന്ധപ്പെട്ട അധികാരികളെയും അറിയിക്കുകയും ചെയ്യണമെന്നും കേരള സർവകലാശാല നിർദേശിച്ചിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *