ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിങ് പൂർത്തിയാക്കാൻ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. 6,45,685 പേർ ഇപ്പോഴും മസ്റ്ററിങ് പൂർത്തിയാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
മസ്റ്ററിങ് പൂർത്തിയാക്കാത്തവരെ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽനിന്ന് സർക്കാർ ഒഴിവാക്കിയേക്കുമെന്ന ആശങ്കയുണ്ട്.
കഴിഞ്ഞവർഷം മസ്റ്ററിങ്ങിന് ശേഷം 66,57,256 പേരുടെ പട്ടികയാണ് അന്തിമമായി അംഗീകരിച്ചത്. ഇതിൽനിന്ന് ആറു ലക്ഷത്തിലേറെ പേർ മസ്റ്ററിങ് പൂർത്തിയാക്കാത്തത് പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്.
മസ്റ്ററിങ് പൂർത്തിയാക്കാത്തവരിൽ എല്ലാവരും മരിച്ചവരാണെന്ന് കരുതാനാവില്ല. അതിനാൽ അർഹരായ ഗുണഭോക്താക്കൾക്ക് പെൻഷൻ നഷ്ടപ്പെടാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

