കുറ്റിപ്പുറം: തുടയെല്ല് പൊട്ടിയ വീട്ടമ്മയുടെ ചികിത്സാച്ചെലവ് നിഷേധിച്ച സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കമ്പനിക്കെതിരെ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ്.
ആതവനാട് സ്വദേശിനിയായിരുന്ന കറുത്തേടത്ത് പറ്റത്ത് ശശികലയുടെ ചികിത്സാച്ചെലവായ 84,095 രൂപയും 20,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും ഉൾപ്പെടെ ആകെ 1,09,095 രൂപ നൽകാൻ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയോട് കമ്മീഷൻ ഉത്തരവിട്ടു.
ഉത്തരവ് പ്രകാരം 45 ദിവസത്തിനകം തുക നൽകണം. വീഴ്ച വരുത്തിയാൽ ഒമ്പത് ശതമാനം വാർഷിക പലിശയും നൽകേണ്ടിവരും.
2025 ജൂൺ ആറിനാണ് ശശികല പരാതി നൽകിയത്. തുടർന്ന് നവംബർ നാലിന് ശശികല അന്തരിച്ചതോടെ ഭർത്താവ് കെ.പി. ശങ്കരനും മക്കളായ അജീഷ്, അഞ്ജന എന്നിവരും കേസിൽ കക്ഷികളായി. അനുവദിച്ച തുക ഇവർക്ക് ലഭിക്കും.
പരാതിക്കാർക്കായി കുറ്റിപ്പുറം സ്വദേശി അഡ്വ. ഐ.വി. രതീഷ് ഹാജരായി.

