പൊന്നാനി : നിളയുടെ തീരങ്ങൾ കൊണ്ടാടിയ കേരളത്തിന്റെ അക്ഷരചരിതങ്ങൾ തേടിയുള്ള സാഹിതീ സഞ്ചാര പദ്ധതിക്ക് ആദ്യ രൂപരേഖയായി.

ഭാരതപ്പുഴയുടെ തീരത്തെ സാഹിത്യസ്ഥാനങ്ങളെ കോർത്തിണക്കി നടപ്പാക്കുന്ന ‘മലബാർ ലിറ്ററി സർക്യൂട്ട് ‘ പദ്ധതിയുടെ കരടു രൂപരേഖ ടൂറിസംവകുപ്പ് സർക്കാരിന് സമർപ്പിച്ചു.

നിളയുടെ തീരത്തെ വിസ്മയക്കാഴ്ചകളും സാഹിത്യശേഷിപ്പുകളുടെ സംരക്ഷണവും സമന്വയിപ്പിക്കുന്നതാണ് പദ്ധതി. മൂന്നുവർഷം മുൻപ് ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് ഇപ്പോഴാണ് ജീവൻ വെച്ചത്.

മഹാകവികളുടെ പൈതൃകസ്മരണകളുറങ്ങുന്ന നിളാതീരത്തെ തുഞ്ചന്റെ തട്ടകവും കുഞ്ചന്റെ കിള്ളിക്കുറിശ്ശിയും ചെമ്പൈയുടെ കോട്ടായിയും വിജയന്റെ തസ്രാക്കും എം.ടിയുടെ കൂടല്ലൂരും ഇടശ്ശേരിയുടെ കുറ്റിപ്പുറവും വള്ളത്തോളിന്റെ കലാമണ്ഡലവും സാമൂതിരിയുടെ നിലപാടുതറയുമെല്ലാം കൂട്ടിയിണക്കുന്നതാണു പദ്ധതി.

പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ട്രസ്റ്റുകളുമായി ടൂറിസംവകുപ്പ് ചർച്ചകൾ നടത്തിവരുകയാണ്. കരട് രൂപരേഖ പരിശോധിച്ചശേഷം സർക്കാർ അനുമതിയോടെ വിശദ പദ്ധതിരേഖ തയ്യാറാക്കും.

വിനോദസഞ്ചാരത്തെ സാഹിത്യവിജ്ഞാനവുമായി കൂട്ടിയിണക്കുന്ന പദ്ധതിയാണിത്. തുഞ്ചത്ത് എഴുത്തച്ഛൻ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി. വിജയൻ, എം.ടി. വാസുദേവൻ നായർ തുടങ്ങിയവരുടെ തട്ടകങ്ങളെ ബന്ധിപ്പിക്കുന്നതോടൊപ്പം നിളാതീരത്തെ സാംസ്‌കാരികപൈതൃകവും കോർത്തിണക്കുന്നതാണ് പദ്ധതി.

തുഞ്ചൻ സ്മാരകം, ബേപ്പൂർ, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങൾ എന്നിവയെക്കൂടാതെ പൊന്നാനി, തൃത്താല എന്നീ പ്രദേശങ്ങളിലെ കലാസാഹിത്യ സാംസ്‌കാരിക പൈതൃക പാരമ്പര്യത്തെ കോർത്തിണക്കുന്നതായിരിക്കും മലബാർ ലിറ്ററി സർക്യൂട്ട്. സാഹിത്യകാരന്മാരുടെ വീടുകളും മറ്റു ശേഷിപ്പുകളും സംരക്ഷിക്കുന്നതിനും പദ്ധതിയുണ്ടാകും.

സാഹിത്യ സർക്യൂട്ടിനൊപ്പം ജൈവ വൈവിധ്യ ടൂറിസം സർക്യൂട്ടും ബജറ്റിൽ പഖ്യാപിച്ചിരുന്നു. കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായൽ, മൺട്രോതുരുത്ത്, കൊട്ടാരക്കര, മീൻപിടിപ്പാറ, മുട്ടറമരുതിമല, ജടായുപാറ, തെന്മല, അച്ചൻകോവിൽ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ളതാണ് ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ട്. രണ്ട് സർക്യൂട്ട് പദ്ധതികൾക്കുമായി 50 കോടിരൂപയാണ് ബജറ്റിൽ വകയിരുത്തിയിരുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *