പൊന്നാനി : പൊന്നാനി -പടിഞ്ഞാറേക്കര ജങ്കാർ സർവീസ് ഒരുവർഷമായിട്ടും പുനരാരംഭിക്കാത്തതിനെതിരേ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ്. അംഗങ്ങളുടെ പ്രതിഷേധം. പ്ലക്കാർഡുകളേന്തിയാണ് യോഗത്തിൽ കൗൺസിലർമാർ പ്രതിഷേധിച്ചത്.
കരാറുകാരും നഗരസഭയും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് ഒരു വർഷത്തിലധികമായി നിർത്തിവെച്ച ജങ്കാർ സർവീസ് പുനരാരംഭിക്കാൻ ഇതുവരെ നഗരസഭയ്ക്കായിട്ടില്ലെന്നും ഉടൻ പുനരാരംഭിക്കുമെന്ന പതിവു പല്ലവി തന്നെയാണ് നഗരസഭക്കിപ്പോഴുമുള്ളതെന്ന് കൗൺസിലർമാർ കുറ്റപ്പെടുത്തി.
യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഉടൻതന്നെ ജങ്കാർ സർവീസ് പുനരാരംഭിക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, കൗൺസിലർമാരായ ശ്രീകല ചന്ദ്രൻ, ആയിഷ അബ്ദു, കെ.എം. ഇസ്മായിൽ, അബ്ദുൽ റാഷിദ് നാലകത്ത്, എം.പി. ഷബീറാബി, പ്രിയങ്ക വേലായുധൻ എന്നിവർ നേതൃത്വംനൽകി.