സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നു. റേഷന്‍ വിതരണത്തിന്റെ മാതൃകയിലാണ് പുതിയ സംവിധാനം. സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് യഥാര്‍ത്ഥ ഗുണഭോക്താവാണോ എന്നു ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. ഇതിനായി ആധാര്‍ ഉള്‍പ്പെടെയുള്ള ഡേറ്റ സപ്ലൈകോയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ( aadhar to be made mandatory in supplyco )
സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഔട്ട്‌ലെറ്റുകളിലുമാകും ആധാര്‍ നിര്‍ബന്ധമാക്കുക. റേഷന്‍ കാര്‍ഡ് ഉടമകകളുടെ വിരലടയാളം പരിശോധിച്ച് ആധാര്‍ വിവരങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. നിലവില്‍ സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നവരുടെ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ സപ്ലൈകോയില്‍ രേഖപ്പെടുത്താറുണ്ട്. ഇതു പിന്നീട് ദുരുപയോഗം ചെയ്യുകയും ക്രമക്കേട് നടത്തുകയും ചെയ്യുന്നുവെന്നാണ് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടത്.
ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ ക്രമക്കേട് ഒഴിവാക്കാനാകുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതിനായി ആധാര്‍ ഉള്‍പ്പെടെയുള്ള റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തിലെ ഡേറ്റ ഉള്‍പ്പെടെ സപ്ലൈകോയ്ക്ക് കൈമാറാന്‍ ഭക്ഷ്യവകുപ്പ് ഉത്തരവിറക്കി. ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എന്നാല്‍ പലപ്പോഴും സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് റേഷന്‍ വിതരണം തന്നെ തടസപ്പെടകയാണ്. ഇതിനിടയിലാണ് സപ്ലൈകോയിലും ആധാര്‍ നിര്‍ബന്ധമാക്കുന്നത്.