എടപ്പാൾ : നേന്ത്രപ്പഴം വിലയിടിഞ്ഞു. മൊത്തവില കിലോയ്ക്ക് 20 രൂപവരെയെത്തി. പിടിച്ചുനിൽക്കാനാകാതെ വാഴക്കർഷകർ. ഓണക്കാലത്ത് 80 രൂപവരെ വിലയുണ്ടായിരുന്നതാണ്. ഇപ്പോൾ ചില്ലറവിൽപ്പനവില 25 രൂപയാണ്. മൊത്തവില 20. ചിലയിടങ്ങളിൽ 22 രൂപയുമാണ്. കൃഷിച്ചെലവുപോലും തിരിച്ചുകിട്ടില്ലെന്ന സ്ഥിതിയാണെന്ന് കർഷകർ പറയുന്നു.

പാകമായ കായ വെട്ടി വാഹനത്തിൽ കയറ്റി കടകളിലെത്തിച്ച് ചെലവ് വർധിപ്പിക്കണോ എന്ന ആശങ്കയിലാണ് പല കർഷകരും. പഴുത്ത പഴത്തിന് വില താഴ്‌ന്നതോടെ പച്ചക്കായയ്ക്ക് 15 രൂപയിലെത്തിയിട്ടുണ്ട്. കർഷകന് 10-15 രൂപയ്ക്കിടയിലാണു ലഭിക്കുക. ഒരുകുല നേന്ത്രക്കായ കൃഷിചെയ്തുണ്ടാക്കണമെങ്കിൽ 150-175 രൂപയോളം ചെലവുണ്ട്. ഇതു കഴിച്ചു കിട്ടുന്നതു മാത്രമാണ് കർഷകനുള്ള ലാഭം. വളം വിലവർധന, പണിക്കൂലിയിലുണ്ടാകുന്ന വർധന, കാലാവസ്ഥാമാറ്റത്തെ തുടർന്നുണ്ടാകുന്ന പ്രയാസങ്ങൾ, മൃഗങ്ങളുടെയും മയിലിന്റെയുമെല്ലാം ശല്യം എന്നിവയെല്ലാം തരണംചെയ്ത് വിളവെടുപ്പിലെത്തിക്കുന്ന നേന്ത്രക്കായ വെട്ടാതെ തോട്ടത്തിൽ നിർത്തുകയാണ് ലാഭമെന്ന അവസ്ഥയാണെന്ന് പല കർഷകരും പറയുന്നു. ഇതുവരെ ചെലവഴിച്ച തുകയിൽ നഷ്ടം ഒതുങ്ങുമല്ലോയെന്ന ചിന്തയാണവർക്ക്. ശരാശരി 35 രൂപയെങ്കിലും കിലോയ്ക്ക് ലഭിച്ചാൽമാത്രമേ കൃഷിയുമായി മുന്നോട്ടുപോകാനാകൂവെന്നും കർഷകർ പറയുന്നു.

വയനാട്, തമിഴ്‌നാട്, കർണാടക തുടങ്ങി വിവിധ ഭാഗങ്ങളിൽനിന്ന് ടൺകണക്കിന് കായയാണ് മാർക്കറ്റിലെത്തുന്നത്. നാടൻകായയ്ക്ക് ഗുണമേന്മയും വിലയും കൂടുമെങ്കിലും ഇതിനനുസരിച്ചുള്ള ചെറിയ വർധനമാത്രമേ അതിനും ഈടാക്കാനാകൂ. മറുനാടൻ ധാരാളമെത്തുന്നതിനാൽ വിലക്കുറവുനോക്കി സാധാരണക്കാരെല്ലാം അതാണ് വാങ്ങുന്നതും.

Related Post

Leave a Reply

Your email address will not be published. Required fields are marked *