പൊന്നാനി: മാതൃശിശു ആശുപത്രിയിലെ ചുമരുകളിൽ ചിത്രം വരയ്ക്കാനെത്തിയ യുവാവിനെ ഉപയോഗിച്ച് ജീവനക്കാരുടെ തട്ടിപ്പെന്ന് പരാതി. പല പണികൾ ഏൽപിച്ച് പിആർഒ പണം കൈപ്പറ്റിയെന്ന ആരോപണവുമായി പൊന്നാനി കല്ലിക്കട സ്വദേശി പുളിക്കൽ സന്തോഷ് ആശുപത്രിക്ക് മുൻപിൽ ആത്മഹത്യക്കുറിപ്പ് എഴുതിവച്ച് സമരം തുടങ്ങി.
കയ്യക്ഷരം മാറ്റിയെഴുതിച്ച് 3 ക്വട്ടേഷനുകൾ തന്റെ കയ്യിൽ നിന്ന് വാങ്ങിച്ചുവെന്നും ഒന്നര വർഷം മുൻപ് നടന്ന പണിയുടെ പേരിലുള്ള ചെക്ക് വരെ തന്റെ പേരിൽ പിആർഒ പാസാക്കിയെടുത്തെന്നുമാണ് ആരോപണം. ചെയ്ത ജോലികൾക്ക് പണം കിട്ടിയില്ലെന്ന ആരോപണവുമായി സന്തോഷ് ഇന്നലെ ആശുപത്രിക്ക് മുൻപിൽ സമരം ചെയ്തതോടെയാണ് സംഭവം പുറത്തായത്. ഓരോ പണികൾക്കും ആശുപത്രി പിആർഒ പണം എഴുതി വാങ്ങിച്ചുവെന്ന ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്.
സന്തോഷിന്റെ പേരിലും സഹോദരന്റെയും സഹോദരിയുടെ ഭർത്താവിന്റെ പേരിലും 3 ക്വട്ടേഷനുകൾ എഴുതി വാങ്ങിച്ചുവെന്നാണ് സന്തോഷ് വെളിപ്പെടുത്തിയത്. സന്തോഷിന്റേതല്ലാത്ത 2 ക്വാട്ടേഷനുകളിൽ ഒരെണ്ണം തിടുക്കത്തിൽ ആശുപത്രി പിആർഒ സന്തോഷിനെ കൊണ്ടു തന്നെ ഇടംകൈ കൊണ്ട് എഴുതിക്കുകയായിരുന്നത്രേ. മറ്റൊന്ന് നഗരസഭയിലെ മുൻ കൗൺസിലറും ഇപ്പോഴത്തെ ആശുപത്രി ജീവനക്കാരനുമായ വ്യക്തിയാണ് എഴുതി നൽകിയതെന്നും സന്തോഷ് പറഞ്ഞു.
കുറഞ്ഞ തുക രേഖപ്പെടുത്തിയ സഹോദരൻ ശ്രീരാഗിന്റെ പേരിലുള്ള ക്വട്ടേഷനാണ് ആശുപത്രി അധികൃതർ അംഗീകരിച്ചത്. ഇതിന് ശേഷം പല പണികൾ ചെയ്യിപ്പിച്ചെന്നും ചിത്രം വരയ്ക്കാൻ വന്ന തന്നെക്കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന പണിവരെ ചെയ്യിപ്പിച്ചെന്നും സന്തോഷ് പറഞ്ഞു. ചെക്ക് എഴുതി സന്തോഷിനെക്കൊണ്ട് ഒപ്പ് വയ്പിച്ച ശേഷം പിആർഒ ചെക്ക് തിരിച്ചു വാങ്ങിയെന്ന് സന്തോഷ് പറഞ്ഞു.
ആശുപത്രിയുടെ മുൻവശത്ത് ആശുപത്രി ജീവനക്കാരും സന്തോഷും ചേർന്ന് കോൺക്രീറ്റ് ചെയ്തതിന്റെ പേരിൽ 16 ചാക്ക് സിമന്റും പണിക്കൂലിയും ചേർത്ത് 16500 രൂപ സന്തോഷിന്റെ പേരിൽ പിആർഒ പാസാക്കിയെടുത്തുവത്രേ. ഇതിൽ ഒരു രൂപ പോലും തനിക്കും കൂടെ ജോലി ചെയ്തവർക്കും ലഭിച്ചില്ലെന്നും സന്തോഷ് ആരോപിച്ചു.
കൂടുതൽ വരുന്ന തുക മറ്റിനങ്ങളിൽ ഉൾപ്പെടുത്തി പാസാക്കി തരാമെന്ന് ആശുപത്രി പിആർഒ ഉറപ്പ് നൽകിയിരുന്നുവെന്നും എന്നാൽ, തന്റെ കയ്യിലുണ്ടായിരുന്ന കാറും ബൈക്കും പണയം വച്ചാണ് പണി തീർത്തതെന്നും തുച്ഛമായ പണം മാത്രമാണ് പല തവണകളിലായി കയ്യിൽ കിട്ടിയതെന്നും സന്തോഷ് പരാതിപ്പെട്ടു