പൊന്നാനി : അടിമ എന്ന പേരുള്ള സഖാവ് പൊന്നാനിയിലെ പാർട്ടിക്കെന്നും ആവേശമായിരുന്നു. താലൂക്കിലെ കമ്മ്യൂണിസ്റ്റ് സമരഭൂമികയിൽ ആവേശത്തിന്റെ തീജ്വാലയായി തിളങ്ങിനിന്ന പാർട്ടിയുടെ സ്വന്തം സഖാവ് ഇനിയില്ല. കൊല്ലൻപടി കൈതാളത്ത് അടിമ (93) ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുകയും പിന്നീട് മരണംവരെ സി.പി.എം. അംഗത്വത്തിൽ തുടരുകയും ചെയ്ത പൊന്നാനിയിലെ ഏറ്റവും മുതിർന്ന പാർട്ടി അംഗമാണ് അടിമ. മിച്ചഭൂമി സമരത്തിന്റെ കാലത്ത് അടിമ മുൻനിരയിലായിരുന്നു. നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും ജയിൽവാസമനുഭവിക്കുകയും ചെയ്തു. മിച്ചഭൂമി സമരത്തിന്റെ രണ്ടാംഘട്ടത്തിൽ ഒളിവിൽപോകേണ്ടിവന്നു. സമരപോരാട്ടങ്ങളിലും പാർട്ടി പരിപാടികളിലും നിറഞ്ഞുനിൽക്കുമ്പോഴും പാർലമെന്ററി രംഗത്തുനിന്ന് അകലം പാലിച്ചു.
ഒരു ഘട്ടത്തിലും തിരഞ്ഞെടുപ്പുമത്സരരംഗത്ത് അടിമയുടെ പേരുണ്ടായില്ല. പാർട്ടിയായിരുന്നു അടിമയ്ക്ക് എല്ലാം.
പുതിയ തലമുറയ്ക്ക് സമരാവേശം പകർന്ന് മരണത്തിന്റെ ഏതാനും ദിവസം മുൻപുവരെ സജീവമായിരുന്നു. ഡി.വൈ.എഫ്.ഐ.യുടെ മനുഷ്യച്ചങ്ങലയ്ക്ക് അഭിവാദ്യമർപ്പിച്ചുള്ള അടിമയുടെ വീഡിയോയും പുറത്തിറങ്ങിയിരുന്നു. 1930-ൽ വെളിയങ്കോടാണ് സഖാവിന്റെ ജനനം. അടിച്ചമർത്തപ്പെട്ട വിഭാഗത്തിന്റെ പ്രതിനിധിയായി ജനിക്കുകയും മനുഷ്യവിമോചനത്തിന്റെ പോരാട്ടവഴിയിൽ സജീവസാന്നിധ്യമാവുകയും ചെയ്ത പോരാളിയായാണ് അടിമയെ അടയാളപ്പെടുത്തുന്നത്.
തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന അടിമ വെളിയങ്കോട്ടെ കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന എം.എ. കുട്ടികൃഷ്ണന്റെയും പി.കെ. അയമുവിന്റെയും സ്വാധീനത്തിലാണ് പാർട്ടിയിലേക്കെത്തുന്നത്.
വെളിയങ്കോട്ടെ പണിക്കിൻകാവ് ക്ഷേത്രത്തിലേക്ക് താലം എഴുന്നള്ളിപ്പിന് പട്ടികജാതിയിൽപെട്ട സ്ത്രീകൾക്ക് അനുമതിയുണ്ടായിരുന്നില്ല. ഇതിനെതിരായ സമരത്തിന് നേതൃത്വം നൽകാൻ പാർട്ടി അടിമയെ ചുമതലപ്പെടുത്തി. സമരം വിജയിക്കുകയും പട്ടികജാതി സ്ത്രീകൾക്ക് താലം എടുക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്തു. ഇതോടെയാണ് കമ്യൂണിസ്റ്റ് സമരവീഥിയിൽ അടിമ സജീവമാകുന്നത്.
പൂകൈത കടവിന്റെ തീരത്തായിരുന്നു അടിമയുടെയും കുടുംബത്തിന്റെയും താമസം. പൊന്നാനിയിലേക്ക് താമസം മാറിയതോടെ പ്രവർത്തനം പൊന്നാനി താലൂക്ക് കേന്ദ്രീകരിച്ചായി. കുടിയിരിപ്പുസമരകാലത്ത് മുന്നിൽ നിന്നു.
പൊന്നാനിയിലെ അബ്ദുല്ലകുട്ടി സഖാവിന്റെ വിശ്വസ്തനായാണ് പാർട്ടിയിൽ നിലകൊണ്ടത്. അന്യായങ്ങൾക്കെതിരേ കടുത്ത രീതിയിലായിരുന്നു അടിമയുടെ പ്രതികരണം. പാർട്ടി തീരുമാനങ്ങൾ ചിട്ടയോടെ അനുസരിച്ച കേഡർകൂടിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം നിലയുറപ്പിച്ചു.
ഇ.കെ. ഇമ്പിച്ചിബാവയോട് അഗാധമായ അടുപ്പം പുലർത്തി. അവസാനകാലം വരെ സി.പി.എമ്മിന്റെ പരിപാടികളിൽ നിറസാന്നിധ്യവുമായി. കർഷക തൊഴിലാളി പോരാട്ടങ്ങളിൽ നേതൃനിരയിലായിരുന്നു അടിമയുടെ സ്ഥാനം. പള്ളപ്രം ബ്രാഞ്ചിന്റെ സെക്രട്ടറിയായിരുന്നു നിരവധികാലം.
പൊന്നാനി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. കർഷക തൊഴിലാളി യൂണിയന്റെ വില്ലേജ് സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു.