പൊന്നാനി: പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ വിവിധ വികസന പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 18 കോടി രൂപ ചെലവഴിച്ചുള്ള വിവിധ പദ്ധതികളാണ് ഹാര്‍ബറില്‍ നടക്കുന്നത്. പ്രധാനമന്ത്രിയുടെ മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരമാണ് വികസനം നടപ്പാക്കുന്നത്. വല നെയ്ത്ത് കേന്ദ്രം, റോഡ് നിര്‍മ്മാണം, വിശ്രമ കേന്ദ്രം, സൈക്കിള്‍ – സ്കൂട്ടെര്‍ ഷെഡ്, കടമുറിയും കാന്റീനും ഉള്‍ക്കൊള്ളുന്ന കെട്ടിടം തുടങ്ങി വിവിധ നിര്‍മ്മാണ പദ്ധതികളാണ് തുടങ്ങിയിരിക്കുന്നത്.
ഈ വര്‍ഷം അവസാനത്തോടെ പദ്ധതികള്‍ യദാര്‍ത്ഥമാകും.പ്രധാന വാര്‍ഫും പുതിയ വാര്‍ഫും ബന്ധിപ്പിച്ചു കൊണ്ട് പുതിയ റോഡ് നിര്‍മ്മിക്കുന്നുണ്ട്. ഇതിനായി 45 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. പുതിയ വാര്‍ഫിലേക്ക് വാഹനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ട്. വലിയ വാഹനങ്ങളെല്ലാം പഴയ ലേല ഹാളിനു മുന്‍പിലാണ് നിര്‍ത്തിയിടുന്നത്. ഈ ഭാഗത്തേക്ക് തലച്ചുമടായി മത്സ്യം കൊണ്ടുവന്നാണ് വാഹനങ്ങളില്‍ കയറ്റുന്നത്. പുതിയ റോഡും ഒപ്പം പാര്‍ക്കിംഗ് സൌകര്യവും ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ സൌകര്യമാകും. മത്സ്യത്തൊഴിലാളികള്‍ക്ക് വല നെയ്യുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും നിലവില്‍ ഒരു ഷെഡ് മാത്രമാണുള്ളത്. പുതിയ ഷെഡ് ഹാര്‍ബര്‍ പ്രദേശത്തു തന്നെ നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു. ഒപ്പം മത്സ്യത്തൊഴിലാളികള്‍ക്ക് വിശ്രമ കേന്ദ്രവും ഒരുക്കുന്നുണ്ട്.