പൊന്നാനി: പുതിയ പ്രതീക്ഷയോടെ അങ്കണമൊരുങ്ങുകയാണ്. വർഷങ്ങളായി നിർമാണത്തിലിരിക്കുന്ന നിള സംഗ്രഹാലയം ഉടൻ യാഥാർഥ്യത്തിലെത്തുമെന്ന പ്രതീക്ഷ നൽകിക്കൊണ്ടാണ് മ്യൂസിയത്തിന്റെ മുറ്റവും സൗന്ദര്യവൽക്കരണപദ്ധതികളും തുടങ്ങിയിരിക്കുന്നത്. പദ്ധതി പ്രദേശത്തിന്റെ ഭൂമി സംബന്ധമായ തർക്കങ്ങൾ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം.
4 കോടി രൂപ ചെലവഴിച്ചാണ് ലാൻഡ് സ്കേപിങ് ഉൾപ്പെടെയുള്ള പണികൾ നടക്കുന്നത്. നിലവിലെ നിർമാണം പൂർത്തിയാക്കി അടുത്തമാസം രണ്ടാംവാരത്തോടെ നിള സംഗ്രഹാലയത്തിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് അറിയുന്നത്.
2016ൽ തുടങ്ങിയ പദ്ധതി വർഷങ്ങളായി ഇഴഞ്ഞു നീങ്ങുകയാണ്. നദീതട സംസ്കാരം, പൊന്നാനിയുടെ ചരിത്രം, മലയാള സാഹിത്യം, എഴുത്തുകാർ, കലാസൃഷ്ടികൾ, കലാരൂപങ്ങൾ തുടങ്ങി നാടിന്റെ കഴിഞ്ഞ കാലം ഓർമപ്പെടുത്തലായി ഒപ്പിയെടുത്താണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. ഓഡിറ്റോറിയം ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണൻ മുൻകയ്യെടുത്താണ് പദ്ധതി തുടങ്ങിയത്.
എംഎൽഎയായിരിക്കെ അദ്ദേഹം ആസ്തി ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടരക്കോടി രൂപ കൊണ്ടാണ് പദ്ധതി തുടങ്ങിയത്. പിന്നീട് ആശയം വിപുലപ്പെടുകയും വലിയ പദ്ധതിയാക്കി ഇത് മാറ്റുകയും ചെയ്തു. ഇതിന്റെ ഭാഗമായി അഞ്ചരക്കോടി രൂപ ടൂറിസം വകുപ്പിൽ നിന്നും അനുവദിച്ചു. ഏറെക്കാലം ഇഴഞ്ഞു നീങ്ങിയ പദ്ധതി ഉടൻ യാഥാർഥ്യത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് പൊന്നാനിക്കാർ.