പൊന്നാനി : മത്സ്യസമ്പത്തിന്റെ സർവനാശത്തിനു വഴിയൊരുക്കിയുള്ള നിയമവിരുദ്ധ മീൻപിടിത്തം വീണ്ടും വ്യാപകമാകുന്നു. കടലിലെ സ്വാഭാവിക ആവാസവ്യവസ്ഥകളെ തകിടംമറിച്ചും കടലിന്റെ അടിത്തട്ട് അരിച്ചുപെറുക്കി കോരിയെടുത്തുമുള്ള കൃത്രിമ പാര് വിതറിയുള്ള വഴിവിട്ട മത്സ്യബന്ധനം മത്സ്യപ്രജനന(ബ്രീഡിങ്)ത്തെയാണു ബാധിക്കുന്നത്.
ആഴക്കടലിലെ ഈ കൊള്ള ജില്ലയുടെ തീരങ്ങളിൽ ചെറിയ ഇടവേളയ്ക്കുശേഷമാണ് വീണ്ടും വർധിക്കുന്നത്. ഇതു തടയാൻ കടലിൽ ഫലപ്രദമായ സംവിധാനങ്ങളില്ല എന്നതാണ് കടലൂറ്റുകാർക്ക് ശക്തിപകരുന്നത്. തെങ്ങിൻകുലച്ചിലുകളും മണൽചാക്കുകളും പ്ലാസ്റ്റിക്‌കുപ്പികളും പ്ലാസ്റ്റിക് കയറിൽ ചേർത്തുകെട്ടിയാണ് ആഴക്കടലിൽ കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനായി പാര് നിക്ഷേപിക്കുന്നത്. കയറ്റുമതി സാധ്യതയുള്ള വലിയ കണവയുൾപ്പെടെ വലുതും വിലപിടിപ്പുള്ളതുമായ മത്സ്യക്കൂട്ടങ്ങളെ ഒന്നിച്ച് പിടിച്ചെടുക്കാൻ പാരുകൾ വഴി സാധിക്കും. ഇത് മറൈൻ ഫിഷറീസ് റെഗുലേഷൻ ആക്ട് പ്രകാരം നിയമവിരുദ്ധമാണ്.
ഈ രീതിയിലുള്ള മീൻപിടിത്തം പരമ്പരാഗത മത്സ്യബന്ധനത്തെയും ബോട്ടുകളെയും സാരമായി ബാധിക്കുന്നു. കൃത്രിമ പാരിലുടക്കി ലക്ഷങ്ങൾ വിലവരുന്ന വലകകളും ഉപകരണങ്ങളും നശിക്കുന്നതും പതിവാണ്. ഇതിനുപുറമെ കടലിൽ അപകടങ്ങൾക്കും വഴിയൊരുക്കുന്നു. തമിഴ്നാട്ടിലെ കുളച്ചൽ മേഖലയിൽനിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഈ അനധികൃത മീൻപിടിത്തത്തിന്റെ മുഖ്യകണ്ണികൾ.
പുറംകടലിൽ എത്ര ദൂരത്തും ചെന്നെത്തി അതിസാഹസികമായി മത്സ്യക്കൊയ്ത്ത് നടത്തുന്നതിൽ ഇവർ ഏറെ മികവുതെളിയിച്ചവരാണ്. ചെറിയ വള്ളങ്ങളും ബോട്ടുകളുമാണ് നിയമവിരുദ്ധ മീൻപിടിത്തതിന് ഉപയോഗിക്കുന്നത്.