തിരുവനന്തപുരം: പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് പോലീസുകാരെ ഓര്‍മ്മിപ്പിച്ച് വീണ്ടും ഡി.ജി.പിയുടെ സര്‍ക്കുലര്‍. ഇതേകാര്യം ആവശ്യപ്പെട്ടുകൊണ്ട് 1965-ല്‍ അന്നത്തെ ഡി.ജി.പി. ശിങ്കാരവേലന്‍ ഇറക്കിയ സര്‍ക്കുലര്‍ ഉള്‍പ്പെടെ മുന്‍ പോലീസ് മേധാവിമാരുടെ 10 സര്‍ക്കുലറുകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഡി.ജി.പി. ഷെയ്ക് ദര്‍വേഷ് സാഹിബ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

പോലീസിലെ ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥനാണെങ്കിലും പൊതുജനങ്ങളോട് സംസാരിക്കുമ്പോള്‍ സഭ്യമായ ഭാഷ ഉപയോഗിക്കുകയും അന്തസ്സുറ്റ പെരുമാറ്റം കാത്തുസൂക്ഷിക്കുകയും വേണം. അങ്ങനെ ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണം. പോലീസ് സേനയിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും മേലുദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച പരിശീലനം നല്‍കണം. പുതുതായി സേനയില്‍ ചേരുന്ന ഉദ്യോഗസ്ഥര്‍ക്ക് ജനങ്ങളോട് മാന്യമായി എങ്ങനെ പെരുമാറണം എന്നത് സംബന്ധിച്ച് അടിസ്ഥാന പരിശീലനം നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

പോലീസ് ആക്ടിലെ 33-ാം വകുപ്പ് പ്രകാരം ഏത് പോലീസ് നടപടിയും പൊതുജനങ്ങള്‍ക്ക് ദൃശ്യമായോ ശബ്ദമായോ റെക്കോര്‍ഡ് ചെയ്യാനുള്ള അവകാശമുണ്ടെന്ന് സര്‍ക്കുലര്‍ ഓര്‍മ്മിപ്പിക്കുന്നു. മൊബൈല്‍ ഫോണോ ക്യാമറയോ ഉപയോഗിച്ച് അത്തരത്തില്‍ ഒരാള്‍ പോലീസ് നടപടി ചിത്രീകരിച്ചാല്‍ തടയാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. പോലീസുകാരെ നല്ല പെരുമാറ്റം പഠിപ്പിക്കാനായി ബോധവത്കരണ ക്ലാസുകള്‍ നല്‍കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കുന്നുമുണ്ട് സര്‍ക്കുലര്‍.

അടുത്തിടെയാണ് ആലത്തൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. അഭിഭാഷകനോട് മോശമായി പെരുമാറുന്നതിന്റെ ദൃശ്യം പുറത്തുവന്നത്. അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പോലീസിന്റെ പെരുമാറ്റം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് കോടതി നിര്‍ദേശിച്ചിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *