എരമംഗലം : അയിരൂർ പുതിയിരുത്തി കനോലി കനാലിനോട് ചേർന്നുള്ള കുളം, തോടുകൾ തുടങ്ങിയ തണ്ണീർത്തടങ്ങൾ നികത്തുന്നതിനെതിരേ സി.പി.ഐ., കിസാൻ സഭ പ്രവർത്തകരുടെ പ്രതിഷേധം.
സി.പി.ഐ. പുതിയിരുത്തി ബ്രാഞ്ചിന്റെയും അഖിലേന്ത്യ കിസാൻ സഭ പൊന്നാനി മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ മണ്ണിട്ട് നികത്തുന്ന സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും നികത്തിയതിനു മുകളിൽ കൊടി കുത്തുകയും ചെയ്തു. തോടും കുളവും പൂർവസ്ഥിതിയിലാക്കുന്നതുവരെ സമരം തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കാലവർഷത്തിൽ പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ ഒന്ന്, 15 വാർഡുകളിലെ വെള്ളക്കെട്ട് കനോലി കനാലിലേക്ക് ഒഴുക്കിവിടുന്നതിനും വേനലിൽ ജലസംരക്ഷണത്തിനായി ഉപയോഗിച്ചിരുന്നതുമായ തോടുകളും കുളവുമാണ് മണ്ണിട്ട് നികത്തുന്നത്. സ്വകാര്യ വ്യക്തി ചെറിയ വിലയ്ക്ക് തണ്ണീർത്തടങ്ങൾ ഉൾപ്പെടെയുള്ളവ വാങ്ങി അധികൃതരിൽ ചിലരുടെ ഒത്താശയോടെ വ്യാപകമായി മണ്ണിട്ട് നികത്തി വലിയ തുകയ്ക്ക് മറിച്ചുവിൽക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് സമരക്കാർ പറഞ്ഞു.
സമരം സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി. രാജൻ ഉദ്ഘാടനം ചെയ്‌തു. കിസാൻ സഭ ജില്ലാ വൈസ് പ്രസിഡൻറ് പി.പി. ഹനീഫ അധ്യക്ഷത വഹിച്ചു. കിസാൻ സഭ പൊന്നാനി മണ്ഡലം സെക്രട്ടറി വി. അബ്ദുൽറസാഖ്, സി.പി.ഐ. പെരുമ്പടപ്പ് ലോക്കൽ സെക്രട്ടറി ഒ.എം. ജയപ്രകാശ്, ടി.കെ. ഫസലുറഹ്‌മാൻ, എം.പി. സുബ്രഹ്മണ്യൻ, എ.എസ്. മുർഷിദുൽ ഹഖ്, ഇസ്ഹാഖ് പുതിയിരുത്തി, വി.സി. നജീബ്, പി. ഭാസ്‌കരൻ തുടങ്ങിയവർ നേതൃത്വം നൽകി.