തിരുവനന്തപുരം: ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി മേഖലയ്ക്ക് ആകെ 235.55 കോടി രൂപ വകയിരുത്തി 2024-25 ലേക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. . ആവാസവ്യവസ്ഥയും പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 25.32 കോടി രൂപയാണ് വകയിരുത്തിയത്. ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 10.50 കോടി രൂപ വകയിരുത്തി.
കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി വകുപ്പിന് കീഴില്‍ 2023 ഓഗസ്റ്റ് മാസം രൂപീകൃതമായ ‘കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷന്‍ മിഷന്‍’ എന്ന പദ്ധതിക്കായി ഒരുകോടി രൂപയാണ് വകയിരുത്തിയത്.
സംസ്ഥാനത്തിന്റെ പൈതൃകം, സംസ്‌കാരം, പരിസ്ഥിതി എന്നിവയുടെ സംരക്ഷണവും പരിപാലനവും പ്രോത്സാഹനവും ഉറപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതിക്കായി 24 കോടി രൂപയാണ് വകയിരുത്തിയത്.
മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കുക, വനമേഖലയെ ആശ്രയിച്ചു കഴിയുന്ന വിഭാഗങ്ങളുടെ ജീവനും ജീവനോപാധിക്കും സംരക്ഷണം നല്‍കുക, കാലാവസ്ഥാ വ്യതിയാനത്തിനെതിരായുള്ള ഒരു കവചമായി വനമേഖലയെ ഉപയോഗപ്പെടുത്തുക എന്നീ വിഷയങ്ങള്‍ക്കാണ് 2024-25-ല്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്. സംസ്ഥാനത്ത് സംഘടിപ്പിച്ച വനസൗഹൃദ സദസ്സിലൂടെ ലഭിച്ച 4797 പരാതികളില്‍ 4311 എണ്ണം പരിഹരിക്കുകയും മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളുടെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തുവെന്നും ബജറ്റിൽ അറിയിച്ചു.
സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച്, എക്കോ സെന്‍സിറ്റീവ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ നിന്നും വാസയോഗ്യമായ സ്ഥലങ്ങളെ സര്‍ക്കാര്‍ ഒഴിവാക്കി. നവകിരണം പദ്ധതിയുടെ കീഴില്‍ 93.60 കോടി രൂപ നല്‍കി പട്ടികവര്‍ഗ്ഗക്കാരല്ലാത്ത 780 കുടുംബങ്ങളെ വനമേഖലയില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചതോടെ ഈ മേഖലയുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി നിലനിന്നിരുന്ന പ്രശ്‌നം വിജയകരമായി പരിഹരിക്കാനും സര്‍ക്കാരിന് കഴിഞ്ഞു.

