കുറ്റിപ്പുറം : പാലക്കാട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ഭാരതപ്പുഴയിൽ നിർമിക്കുന്ന കാങ്കക്കടവ് റഗുലേറ്റർ കം ബ്രിജിന്റെ നിർമാണം ഒക്ടോബറോടെ പൂർത്തിയാകും. നിലവിൽ ജോലികൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ടെന്നും നിർമാണ കാലാവധിക്കു മുൻപായി ജോലികൾ പൂർത്തിയാക്കുമെന്നും കരാർ കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചു.

28 ഷട്ടറുകളുള്ള റഗുലേറ്റർ കം ബ്രിജിന്റെ തൂണുകളുടെ നിർമാണം മേയ് മാസത്തോടെ പൂർത്തിയാകും. 30 തൂണുകൾ ഉള്ള പാലത്തിന്റെ 16 തൂണുകളുടെ നിർമാണം പൂർത്തിയായി. ബാക്കി തൂണുകളുടെ ജോലികൾ പുരോഗമിക്കുകയാണ്. അവസാന തൂണിന്റെ പൈലിങ്ങാണ് ഇപ്പോൾ നടക്കുന്നത്.

പുഴയിൽ ജലനിരപ്പ് ഉയരുന്നതിന് മുൻപായി തൂണുകളുടെയും അനുബന്ധ കോൺക്രീറ്റ് നിർമാണങ്ങളും പൂർത്തിയാക്കും. തൂണുകൾ നിർമിച്ചുവരുന്നതിന് അനുസരിച്ച് മുകൾഭാഗത്തെ റോഡിന്റെ കോൺക്രീറ്റ് ജോലികളും പുരോഗമിക്കുന്നുണ്ട്. കോൺക്രീറ്റ് ചെയ്തുകഴിഞ്ഞ ഭാഗത്ത് ഇരുവശത്തുമായി കൈവരികളും സ്ഥാപിച്ചു.

ഇതുവരെ 10 ഷട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. 102 കോടി രൂപ ചെലവിട്ടാണ് കുമ്പിടിയിൽനിന്ന് കുറ്റിപ്പുറത്തേക്ക് റഗുലേറ്റർ കം ബ്രിജ് നിർമിക്കുന്നത്. 2022 ഡിസംബറിൽ ആരംഭിച്ച നിർമാണം പൂർത്തിയാക്കാൻ 2 വർഷത്തെ സമയമാണ് കരാർ കമ്പനിക്ക് നൽകിയിട്ടുള്ളത്. ഗതാഗതത്തിനു പുറമേ പാലക്കാട്, മലപ്പുറം ജില്ലകളിലേക്കുള്ള ജലസംഭരണവും പദ്ധതിയുടെ ലക്ഷ്യമാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *