കുറ്റിപ്പുറം: യാത്രചെയ്ത ഓട്ടോറിക്ഷയിൽ നിന്ന് ലഭിച്ച സ്വർണാഭരണം ഉടമയെ കണ്ടെത്തി കൈമാറാൻ അശ്വതി കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. മണിക്കൂറുകൾ നീണ്ട അന്വേഷങ്ങൾക്കൊടുവിൽ അശ്വതിയും അമ്മയും പേരശ്ശനൂർ ഗവ.ഹൈസ്കൂളിലെത്തി ആഭരണം ഉടമയായ അധ്യാപികയ്ക്കു കൈമാറി. പൂർവ വിദ്യാർഥിയുടെ സത്യസന്ധതയെ പേരശ്ശനൂർ ഹൈസ്കൂൾ ഒന്നടങ്കം കയ്യടിച്ച് അഭിനന്ദിച്ചു.ഇന്നലെ രാവിലെ പേരശ്ശനൂരിൽനിന്ന് വളാഞ്ചേരിയിലേക്ക് മടങ്ങുകയായിരുന്ന ഓട്ടോറിക്ഷയിൽ കയറിയതായിരുന്നു പേരശ്ശനൂർ സ്വദേശിയായ അശ്വതിയും അമ്മ രജിനിയും.
വളാഞ്ചേരി ബസ് സ്റ്റാൻഡിന് സമീപത്ത് എത്തിയപ്പോൾ ഓട്ടോയിൽനിന്ന് ഇറങ്ങി. ഓട്ടോ നീങ്ങിയപ്പോഴാണ് തന്റെ വസ്ത്രത്തിൽ കുടുങ്ങി താഴെവീണ ബ്രേസ്‌ലെറ്റ് അശ്വതിയുടെ ശ്രദ്ധയിൽപെട്ടത്. ഇതിനകം ഓട്ടോ കൺമുന്നിൽനിന്ന് മറഞ്ഞിരുന്നു. ഓട്ടോറിക്ഷ അന്വേഷിച്ച് അശ്വതിയും അമ്മയും വളാഞ്ചേരി ടൗണിൽ നടന്നു.
പണം നൽകിയപ്പോൾ കണ്ട ഡ്രൈവറുടെ മുഖം അന്വേഷിച്ചായിരുന്നു ഇരുവരും ഒരുമണിക്കൂറോളം നഗരത്തിൽ പരതി നടന്നത്. ഒടുവിൽ മാർക്കറ്റിന് സമീപത്തുനിന്ന് ഓട്ടോറിക്ഷ കണ്ടെത്തി. ഡ്രൈവറിൽനിന്നാണ് തൊട്ടുമുൻപ് യാത്ര ചെയ്ത അധ്യാപികയുടെ വിവരം അറിയുന്നത്. ഉടൻ അശ്വതി താൻ പഠിച്ച സ്കൂളിലേക്ക് വിളിച്ചു. സ്കൂളിലെ അധ്യാപികയായ മിനിയുടെ ബ്രേസ്‌ലെറ്റ് നഷ്ടപ്പെട്ട വിവരം അധ്യാപകർ പറഞ്ഞു. അതേ ഓട്ടോയിൽതന്നെ അശ്വതിയും അമ്മയും പേരശ്ശനൂർ സ്കൂളിലെത്തി. അധ്യാപികയ്ക്ക് ആഭരണം കൈമാറി. ഒന്നുമുതൽ പ്ലസ്ടുവരെ അശ്വതി പഠിച്ചത് ഈ സ്കൂളിലായിരുന്നു.