പൊന്നാനി : താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരെ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു. കുട്ടികളുടെ ആഭരണങ്ങളാണ് മോഷണം പോകുന്നത്.
തിങ്കളാഴ്ച ഒ.പി. ടിക്കറ്റെടുക്കാൻ വരിനിന്നതിനിടെ കൂടെയുണ്ടായിരുന്ന രണ്ടുവയസ്സുകാരിയുടെ മാല കവർന്നു. പൊന്നാനി അലിയാർ പള്ളി സ്വദേശി തെക്കേവളപ്പിൽ ഷഫീഖിന്റെയും ജാസിദയുടെയും മകളുടെ ഒരുപവൻ തൂക്കം വരുന്ന സ്വർണമാലയാണ് മോഷണം പോയത്.
വീട്ടിലെത്തി കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് വിവരം ശ്രദ്ധയിൽപ്പെട്ടത്. ആശുപത്രിയിലെ സി.സി.ടി.വി. പരിശോധനയിൽ മോഷ്ടടാവിന്റേതെന്ന് സംശയിക്കുന്ന ദൃശ്യം ലഭിച്ചു.
കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ പാദസരം മോഷണം പോയിരുന്നു. നരിപ്പറമ്പ് എടപ്പയിൽ ജുവൈരിയയുടെ കുഞ്ഞിന്റെ ഒന്നരപ്പവൻ പാദസരമാണ് മോഷ്ടിച്ചത്. അന്നും മോഷാടാവെന്ന് സംശയിക്കുന്ന സ്ത്രീയുടെ സി.സി.ടി.വി. ദൃശ്യം ലഭ്യമായിരുന്നു. ഇരുമോഷണവും ഒരാൾതന്നെ നടത്തിയതാണെന്നാണ് സംശയിക്കുന്നത്. പോലീസ് അന്വേഷണം തുടങ്ങി.