പൊന്നാനി : കടപ്പുറത്ത് പഴയ ജങ്കാർ റോഡിൽ ചെറിയ മീൻപിടിത്ത വള്ളങ്ങളുടെ വലകളും എൻജിനുകളും സൂക്ഷിച്ചിരുന്ന ഓലഷെഡ് കത്തിനശിച്ചു.
ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ഷെഡ്ഡിൽ സൂക്ഷിച്ച പത്ത് മീൻപിടിത്തവലകളും രണ്ട് എൻജിനുകളും കത്തിനശിച്ചു.തീ ആളിപ്പടർന്നപ്പോഴേക്കും മത്സ്യത്തൊഴിലാളികൾ ഓടിയെത്തി.
അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നാശമുണ്ടായിട്ടുണ്ട്. പെട്ടെന്ന് തീ അണച്ചതിനാൽ തൊട്ടടുത്ത ഷെഡ്ഡുകളിലേക്ക് പടർന്നില്ല.