മലപ്പുറം: മലപ്പുറം ജില്ലയിൽ 5278 പേർക്ക് കൂടി പട്ടയങ്ങൾ വിതരണം ചെയ്യും. ജില്ലാതല പട്ടയമേള ഫെബ്രുവരി 22ന് വൈകീട്ട് നാലിന് മലപ്പുറം നഗരസഭാ ടൗൺഹാളിൽവെച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയിൽ ജില്ലയിലെ എം.എൽ.എമാർ പങ്കെടുക്കും.
തിരൂർ ലാന്റ് ട്രൈബ്യൂണലിലെ 1342, തിരൂരങ്ങാടി ലാന്റ് ട്രൈബ്യൂണലിലെ 919, മഞ്ചേരി ലാന്റ് ട്രൈബ്യൂണലിലെ 1088, ദേവസ്വം 1899, ഏറനാട് താലൂക്കിലെ 2 ലാന്റ് അസൈൻമെന്റ്‌റ് പട്ടയം, തിരൂരങ്ങാടി താലൂക്കിലെ 28 ഒ.എൽ.എച്ച്.എസ് പട്ടയം എന്നിവ ഉൾപ്പെടെ ആകെ 5278 പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്യുന്നത്. ഇരുപതോളം പട്ടയങ്ങൾ വേദിയിൽ വെച്ചും ബാക്കിയുള്ളവ ട്രൈബൂണലുകൾ തിരിച്ച് കൗണ്ടറുകൾ ഒരുക്കിയും വിതരണം ചെയ്യും. ഓരോ കൗണ്ടറിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പട്ടയ മേളയിൽ എത്താൻ സാധിക്കാത്തവർക്ക് താലൂക്ക് ഓഫീസുകളിൽ നിന്നും വാങ്ങാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. പരിപാടിക്ക് വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ജനപ്രതിനിധികളെ ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ പട്ടയം വാങ്ങാനെത്തുന്നവർക്ക് ചായ, കുടിവെള്ളം, അടിയന്തിര മെഡിക്കൽ സേവനം എന്നിവ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന കേരള സർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം നിറവേറ്റുന്നതിനായി കൂടെ ചേർന്ന് മുന്നോട്ട് പോവുകയാണ് മലപ്പുറം ജില്ലയും. ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിനായി രൂപീകരിച്ച പട്ടയ മിഷനും അതിന്റെ ഭാഗമായ പട്ടയ അസംബ്ലികളും ചേർന്ന് ജില്ലയിലെ നിയോജകമണ്ഡലത്തിലേയും ഭൂരഹിതരെ കണ്ടെത്തി അവരുടെ പട്ടയ പ്രശ്‌നങ്ങൾ പരിഹരിച്ചു വരികയാണ്. കൈവശ ഭൂമിക്ക് രേഖ നൽകുക മാത്രമല്ല, ഭൂമിയില്ലാത്തവരെ കണ്ടെത്തി ഭൂവുടമകളാക്കി മാറ്റുന്ന ദൗത്യം കൂടി ഏറ്റെടുത്തിരിക്കുകയാണ് ജില്ലയിലെ റവന്യൂ സംവിധാനം. കഴിഞ്ഞ രണ്ടരവർഷത്തിനിടെ സംസ്ഥാനത്ത് വിതരണം ചെയ്ത ഒന്നര ലക്ഷം പട്ടയങ്ങളിൽ 26452 പട്ടയവും മലപ്പുറം ജില്ലയിൽ നിന്നായിരുന്നു. ഇതിനായി ജില്ലാ തലത്തിലും താലൂക്ക് തലത്തിലുമായി അഞ്ച് പട്ടയമേളകൾ നടത്തി.

Related Post

Leave a Reply

Your email address will not be published. Required fields are marked *