Breaking
Thu. Oct 1st, 2026

പൊന്നാനിയിൽ 1084 മീറ്റർ നീളത്തിൽ കടൽഭിത്തി

പൊന്നാനി : പത്തുകോടി ചെലവിട്ട് 1084 മീറ്റർ നീളത്തിൽ നിർമിക്കുന്ന കടൽഭിത്തിയുടെ പണികൾ അടുത്ത ആഴ്ച ആരംഭിക്കും. പി. നന്ദകുമാർ എം.എൽ.എ. ഇറിഗേഷൻ ഉദ്യോഗസ്ഥരുമായും കരാറുകാരനുമായും നടത്തിയ ചർച്ചയെത്തുടർന്നാണ് നിർമാണം ഉടൻ ആരംഭിക്കാൻ ധാരണയായത്.

ടെൻഡർ നടപടികൾ പൂർത്തിയായി ഒന്നരമാസം പിന്നിട്ടിട്ടും പണി തുടങ്ങിയിരുന്നില്ല. ഇതേത്തുടർന്നാണ് എം.എൽ.എ. ചർച്ച നടത്തിയത്. കടൽഭിത്തി നിർമിക്കുന്ന മരക്കടവ് പ്രദേശത്ത് എം.എൽ.എ.യുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.

നിർമാണത്തിനാവശ്യമായ കല്ലുകൾ മരക്കടവു ഭാഗത്ത് എത്തിച്ചുതുടങ്ങിയിട്ടുണ്ട്. പൊന്നാനി നഗരസഭയിലെ അലിയാർപള്ളി മുതൽ മരക്കടവ് വരെ 600 മീറ്ററും വെളിയങ്കോട് തണ്ണിത്തുറയിൽ 234 മീറ്ററും പെരുമ്പടപ്പ് പാലപ്പെട്ടി കടപ്പുറം ജുമാ മസ്ജിദ് കബറിസ്ഥാൻ ഭാഗത്ത് 250 മീറ്റർ നീളത്തിലുമാണ് കടൽഭിത്തി നിർമിക്കുക.

ശക്തമായ കടലാക്രമണഭീഷണി നേരിടുന്ന പൊന്നാനിയുടെ തീരം സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളിൽ ഒന്നാണ്. പ്രാധാന്യം കണക്കിലെടുത്ത് തീരസംരക്ഷണത്തിന് തുക അനുവദിക്കണമെന്ന പി. നന്ദകുമാർ എം.എൽ.എ.യുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ തുക അനുവദിച്ചത്.

നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, ഇറിഗേഷൻ അസി. എക്‌സിക്യുട്ടീവ് എൻജിനീയർ സുരേഷ് കുമാർ, അസി. എൻജിനീയർ എം.കെ. റിഷാദ്, കരാറുകാരനായ ഇസ്മായിൽ ഷഹിലുദ്ദീൻ, ഓവർസിയർമാരായ എസ്.ആർ. സിസിലിയ, അശ്വനി പ്രകാശ്, സി.പി.എം. ഏരിയാ സെക്രട്ടറി സി.പി. മുഹമ്മദ് കുഞ്ഞി, യു.കെ. അബൂബക്കർ, കെ. ഇമ്പിച്ചിക്കോയ തങ്ങൾ എന്നിവർ എം.എൽ.എ.യ്ക്കൊപ്പമുണ്ടായിരുന്നു

Related Post

Leave a Reply

Your email address will not be published. Required fields are marked *