എടപ്പാൾ: പൈപ്പ് ലൈൻ വഴി ഗ്യാസ് വിതരണം നടത്തുന്ന സിറ്റി ഗ്യാസ് പദ്ധതി മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചു. തൃശ്ശൂർ,മലപ്പുറം ജില്ല അതിർത്തിയായ കോലിക്കരയിലാണ് പണികൾ നടന്നുവരുന്നത്. അപേക്ഷ ലഭിക്കുന്നതിനനുസരിച്ച് വാട്ടർ കണക്ഷൻ മാതൃകയിൽ വീട്ടിലെ അടുക്കളയിലേക്ക് നേരിട്ട് ലൈൻ സ്ഥാപിച്ച് നൽകുന്ന രീതിയാണ് പദ്ധതി.
ഒരു വർഷത്തിനുള്ളിൽ മലപ്പുറം ജില്ലയിലെ 50 ശതമാനം പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കുമെന്ന് പദ്ധതിയുടെ ചുമതലയുള്ള ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പ് പ്രതിനിധി എം. സൂരജ് പറഞ്ഞു. മുഴുവൻ സമയവും പാചകവാതകം ലഭ്യമാകുമെന്നതാണ് സിറ്റി ഗ്യാസിൻ്റെ പ്രധാന ആകർഷണം. എൽ.പി.ജിയെക്കാൾ 30 ശ തമാനം ചെലവുകുറവാണ്. മീറ്റർ അളവു പ്രകാരമുള്ള തുക നൽകിയാൽ മതിയാകും. പൈപ്പ് ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്കും പാചകവാതകം ലഭ്യമാക്കും.
എം.എം.ബി.ടി.യു (മെട്രിക് മില്യൻ ബ്രിട്ടിഷ് തെർമൽ യൂനിറ്റ്) അളവിലാണ് വാതക ഉപയോഗത്തിൻ്റെ കണക്കെടുക്കുക. ഒരു എം.എം.ബി.ടി.യു എന്നാൽ 26.92 കിലോ ഗ്രാമാണ്. ഇതിന് 1620 രൂപ 65 പൈസയാകും ഈടാക്കുക. തിരിച്ചറിയൽ രേഖ നൽകി വീടുകളിലേക്ക് കണക്ഷനെടുക്കാം. കണക്ഷൻ എടുത്ത ഉപഭോക്താവ് മാസങ്ങളോളം സ്ഥലത്തില്ലെങ്കിൽ അധികൃതരെ നേരത്തെ അറിയിച്ച് ഡിസ്കണക്ട് ചെയ്യാം. പിന്നീട് വീണ്ടും കണക്ഷൻ എടുക്കാൻ പ്രത്യേകം ഫീസും ഈടാക്കില്ല. രണ്ടുമാസത്തിലൊരിക്കൽ കമ്പനിയുടെ ഉദ്യോഗസ്ഥൻ എടുക്കുന്ന മീറ്റർ റീഡിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും ബില്ല് നൽകുക.